പോര് മുറുകുന്നു; സമീര്‍ വാങ്കഡെ ഭീഷണിപ്പെടുത്തിയതായി നവാബ് മാലിക്

Update: 2021-11-01 11:53 GMT

മുംബൈ: നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മേധാവി തന്നെ ഭീഷണിപ്പെടുത്തിയതായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഗൗരവമായ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞതായും മാലിക് വെളിപ്പെടുത്തി. മഹാരാഷ്ട്രയിലെ പ്രമുഖ എന്‍സിപി നേതാവുകൂടിയാണ് നവാബ് മാലിക്.

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് പുറത്തുവിട്ടതില്‍ സമീര്‍ വാങ്കഡെ രോഷാകുലനാണെന്നും താമസിയാതെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞതായും ഏതാനും മുംബൈ റിപോര്‍ട്ടര്‍മാര്‍ തന്നെ അറിയിച്ചതായി മാലിക് പറയുന്നു.

''വ്യാജ സര്‍ട്ടിഫിക്കറ്റ് പ്രശ്‌നം ഉയര്‍ത്തിയ ശേഷമാണ് എന്റെ മരുമകനെ സമീര്‍ വാങ്കഡെ വ്യാജ കേസില്‍ അറസ്റ്റ് ചെയ്ത് എട്ട് മാസം ജയിലിലിട്ടത്. ജാതി സര്‍ട്ടിഫിക്കറ്റ് കേസ് ഉയര്‍ത്തിയാല്‍ അത് പ്രതികാരം കൊണ്ട് പറയുന്നതാണെന്ന് ആളുകള്‍ വിചാരിച്ചോളുമെന്നായിരുന്നു അയാള്‍ കരുതിയത്''- മാലിക് പറഞ്ഞു.

ഇതൊന്നുംകൊണ്ട് താന്‍ പതറുകയില്ലെന്നും മുന്നോട്ടുപോകുമെന്നും സമീര്‍ വാങ്കഡെയുടെ കള്ളക്കളി ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാങ്കഡെ കേസ് താന്‍ ഉയര്‍ത്തുന്നതുകൊണ്ടാണ് കാര്യങ്ങള്‍ പതുക്കെപ്പോകുന്നതെന്ന് ആര്യന്‍ ഖാന്റെ അറസ്റ്റിന്റെ സമയത്ത് അദ്ദേഹത്തിന്റെ പിതാവ് ഷാരൂഖ് ഖാന്‍ പറഞ്ഞതായി കേട്ടു. വാങ്കഡെയെ വിട്ടുകളയാന്‍ താരത്തിന്റെ സുഹൃത്തുക്കളും മറ്റുള്ളവരും നേരിട്ടല്ലാതെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്നും മാലിക് പറഞ്ഞു.

നര്‍കോട്ടിക്‌സ് ബിസിനസ് വമ്പന്‍ കളികളുടെ ഇടമാണെന്നും കൊലപാകങ്ങള്‍ പോലും നടക്കാമെന്നും ചിലര്‍ എന്നെ ഭയപ്പെടുത്തി. സത്യത്തിനുവേണ്ടി മരിക്കുമെന്നും സത്യത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നും മാലിക് പറഞ്ഞു.

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട് സാമീഹിക നീതി സഹമന്ത്രി രാംദാസ് അത്തെവാലെയെയും ദലിത് നേതാക്കളെയും വാങ്കഡെ കണ്ടിരുന്നെന്നും മാലിക് പറഞ്ഞു.

Tags:    

Similar News