നവാബാ മാലിക്കിനും അനില്‍ ദേശ്മുഖിനും ജാമ്യമില്ല; മഹാരാഷ്ട്രയില്‍ ശിവസേനയുടെ രാജ്യസഭാ പ്രതീക്ഷ മങ്ങുന്നു
മുംബൈ: ഭരണകക്ഷിയിലെ രണ്ട് എംഎല്‍എമാര്‍ക്ക് ജാമ്യം നിഷേധിച്ചതോടെ മഹാരാഷ്ട്രയിലെ ശിവസേനയുടെ രാജ്യസഭാ സീറ്റ് പ്രതീക്ഷക്ക് മങ്ങലേറ്റു. ജയിലിലുള്ള അനില്‍ദേശ് മുഖ്, നവാബ് മാലിക്ക് എന്നീ എംഎല്‍എമാര്‍ക്കാണ് കോടതി ജാമ്യം നഷേധിച്ചത്. നാളെ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇവരുടെ വോട്ടുകള്‍ നിര്‍ണായകമാണ്.
മഹാരാഷ്ട്രയില്‍ മന്ത്രിയായ നവാബ് മാലിക്കിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണംവെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്തത്. മുന്‍ ആഭ്യന്തര മന്ത്രിയായ അനില്‍ ദേശ്മുഖിനെതിരേയും സമാനമായ കേസാണ് ഉള്ളത്.
വോട്ട് ചെയ്യാന്‍ ഒരു ദിവസത്തെ ജാമ്യം വേണമെന്നാണ് ഇരുവരും കോടതിയോട് അഭ്യര്‍ത്ഥിച്ചതെങ്കിലും ജയിലില്‍ കഴിയുന്നവര്‍ക്ക് വോട്ടവകാശമില്ലെന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം കോടതി സ്വീകരിച്ചു.
ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് കൊവിഡ് ബാധിതനായിരുന്നെങ്കിലും നെഗറ്റീവായതോടെ അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ കഴിയും.
മഹാരാഷ്ട്രയിലെ ആറ് സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏഴ് പേരാണ് മല്‍സരരംഗത്തുളളത്.
ശിവസേന രണ്ട് പേരെ മല്‍സരിപ്പിക്കുന്നുണ്ട്. സഞ്ജയ് റാവത്ത്, സഞ്ജയ് പവാര്‍ എന്നിവരെ. ബിജെപി മൂന്ന് പേരെ മല്‍സരിപ്പിക്കുന്നു, പിയൂഷ് ഗോയല്‍, അനില്‍ ബോണ്ടെ, ധനഞ്ജയ് മഹാദിക്.
എന്‍സിപിയും കോണ്‍ഗ്രസ്സും ഓരോരുത്തരെ വീതം മല്‍സരിപ്പിക്കും.
ഒരാള്‍ക്ക് ജയിക്കാന്‍ 42 വോട്ട് വേണം.
288 എംഎല്‍എമാരുള്ള ശിവസേന സഖ്യത്തിന് മൂന്ന് പേരെ രാജ്യസഭയിലെത്തിക്കാം. ബിജെപിക്ക് 106 പേരുണ്ട്. അവര്‍ക്ക് 2 പേരെ എത്തിക്കാം. പക്ഷേ, അവര്‍ ഒരാളെക്കൂടി മല്‍സരിപ്പിക്കുന്നുണ്ട്. അതോടെ ആറാമത്തെ സീറ്റില്‍ മല്‍സരം നടക്കും. ബിജെപിയുടെ ധനഞ്ജയ് മഹാദിക്കും ശിവസേനയുടെ സഞ്ജയ് പവാറും തമ്മിലാണ് മല്‍സരം.
ചെറുപാര്‍ട്ടികള്‍ ചേര്‍ന്ന് 29 എംഎല്‍എമാരുണ്ട്. ബിജെപിക്ക് 22 വോട്ടുകളുണ്ട്. ഏഴ് വോട്ടുകള്‍ സ്വതന്ത്രര്‍ നല്‍കുമെന്നാണ് ബിജെപി പറയുന്നത്. പിന്നീട് വിജയിക്കണമെങ്കില്‍ 13 വോട്ട് വേണം.
ശിവസേന സഖ്യത്തിന് 26 വോട്ട് കൂടുതലുണ്ട്. 16 വോട്ടുകൂടിവേണം വിജയിക്കാന്‍.