മുംബൈ: മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെയും ഉയര്‍ന്ന രക്തസമ്മര്‍ദത്തെയും തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ദേശ്മുഖിനെ മുംബൈയിലെ കെഇഎം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അനില്‍ ജയിലിലായിരുന്നു. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെത്തുടര്‍ന്നാണ് ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവച്ചത്.
നഗരത്തിലെ റസ്‌റ്റോറന്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും നൂറുകോടി പ്രതിമാസം ശേഖരിക്കാന്‍ പോലിസിനോട് ആഭ്യന്തര മന്ത്രിയായിരുന്ന അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് മുന്‍ മുംബൈ പോലിസ് കമ്മീഷണര്‍ പരം ബീര്‍ സിങ്ങിന്റെ ആരോപണം. 2021 നവംബറിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അനില്‍ ദേശ്മുഖിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
സ്വകാര്യാശുപത്രിയില്‍ തോളില്‍ ശസ്ത്രക്രിയ നടത്താന്‍ അനുവദിക്കണമെന്ന അനില്‍ ദേശ്മുഖിന്റെ ഹരജി ഈ മാസം ആദ്യം കോടതി തള്ളിയിരുന്നു. ആരോപണങ്ങള്‍ നിരസിച്ച അനില്‍ ദേശ്മുഖ്, തനിക്കെതിരേ കേസെടുക്കാന്‍ ബോംബെ ഹൈക്കോടതി സിബിഐയോട് നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു.