'പെഗാസസ്' ഫോണ്‍ ചോര്‍ത്തല്‍: ആഭ്യന്തരമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം; ഇന്നും പാര്‍ലമെന്റ് പ്രക്ഷുബ്ധമാവും
ന്യൂഡല്‍ഹി: 'പെഗാസസ്' ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും. മന്ത്രിമാരുടെയും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ഫോണ്‍ ചേര്‍ത്തിയ സംഭവത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ഇന്ന് സഭയില്‍ ആവശ്യപ്പെടും. രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനം ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ രാജ്യസഭയും ലോക്‌സഭയും രണ്ടുതവണ നിര്‍ത്തിവച്ചിരുന്നു.
ഇന്നും ഈ വിഷയത്തില്‍ സമാനപ്രതിഷേധം തന്നെയാവും പ്രതിപക്ഷം ഉയര്‍ത്തുക. തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അടിയന്തരപ്രമേയത്തിന് ഇന്ന് നോട്ടീസ് നല്‍കാന്‍ സാധ്യതയുണ്ട്. കേന്ദ്രമന്ത്രിമാരുടെയടക്കം ഫോണ്‍ ചോര്‍ത്തിയെന്ന വിവരം പുറത്തുവരികയും ദേശീയ രാഷ്ട്രീയത്തില്‍ വിഷയം കത്തിപ്പടരുകയും ചെയ്തതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ ലോക്‌സഭയില്‍ മറുപടി പറഞ്ഞെങ്കിലും പ്രതിപക്ഷം അതില്‍ തൃപ്തരല്ല.
സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ ആവശ്യം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് ആഭ്യന്തര മന്ത്രിയുടെ രാജി കോണ്‍ഗ്രസ് ആവശ്യപ്പെടുനത്. അതേസമയം, ഐടി മന്ത്രിയുടെ ഫോണ്‍വരെ ചോര്‍ത്തിയെന്ന റിപോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സഭയില്‍ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. വൈകീട്ട് പ്രധാനമന്ത്രി കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നടപടികളെക്കുറിച്ച് വിശദീകരിക്കാന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍നിന്ന് പ്രതിപക്ഷ കക്ഷികള്‍ വിട്ടുനില്‍ക്കാനും സാധ്യതയുണ്ട്.