ആര്യന്‍ ഖാന്‍ കേസിലെ വീഴ്ച; നടപടി തടയാന്‍ പട്ടികജാതി കമ്മീഷനെ സമീപിച്ച് മുന്‍ എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ

Update: 2022-10-20 04:35 GMT

ന്യൂഡല്‍ഹി: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസിലെ ഗുരുതര വീഴ്ചകളും ക്രമക്കേടുകളും പുറത്തുവന്നതിന് പിന്നാലെ തനിക്കെതിരേ നടപടി ഉണ്ടാവുന്നത് തടയാന്‍ നീക്കങ്ങളുമായി മുന്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും ചീഫ് വിജിലന്‍സ് ഓഫിസറുമായ ഗ്യാനേശ്വര്‍ സിങ് അന്വേഷണത്തിന്റെ പേരില്‍ തന്നെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ എന്‍സിബി മുന്‍ മേധാവി വാങ്കഡെ എസ്‌സി കമ്മീഷനെ സമീപിച്ചത്.

മയക്കുമരുന്ന് കേസില്‍ വാങ്കഡെ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ശുപാര്‍ശ ചെയ്ത് ആഭ്യന്തര അന്വേഷണസമിതിയുടെ റിപോര്‍ട്ട് വന്നതിനു പിന്നാലെയാണ് പുതിയ നീക്കം. താന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളാണെന്നും ചോദ്യം ചെയ്യലിന്റെ പേരില്‍ തന്നെ വിളിച്ചുവരുത്തി അപമാനിച്ചെന്നുമാണ് പരാതി. ഇയാളുടെ പരാതിയില്‍ തീരുമാനമാവുംവരെ വാങ്കഡെയ്‌ക്കെതിരേ നടപടിയുണ്ടാവരുതെന്ന് എസ്‌സി കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്. എന്‍സിഎസ്‌സി ഈ വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ എന്തെങ്കിലും നടപടിയെടുക്കുന്നതില്‍ നിന്ന് എന്‍സിബിയെ വിലക്കുന്നു.

ടെലിഗ്രാം അല്ലെങ്കില്‍ ഫാക്‌സ് മുഖേനയുള്ള അടിയന്തര മറുപടി ബന്ധപ്പെട്ട അധികാരിയില്‍ നിന്ന് തേടിയിട്ടുണ്ട്. മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍, അന്വേഷണത്തിനായി മൂന്ന് ദിവസത്തെ നോട്ടീസില്‍ ബന്ധപ്പെട്ട അധികാരി കമ്മീഷന് മുമ്പാകെ ഹാജരാവേണ്ടതുണ്ട്'- എന്‍സിഎസ്‌സി വ്യക്തമാക്കി. കമ്മീഷന്‍ പുറപ്പെടുവിച്ച നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ കേസിനെക്കുറിച്ചുള്ള മുഴുവന്‍ വസ്തുതകളും വിവരങ്ങളും എന്‍സിഎസ്‌സിക്ക് ലഭിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

മയക്കുമരുന്ന് കേസിനാസ്പദമായ റെയ്ഡ് നടക്കുമ്പോള്‍ സമീര്‍ വാങ്കഡെ എന്‍സിബിയുടെ മുംബൈ സോണല്‍ ഡയറക്ടറായിരുന്നു. ആര്യന്‍ ഖാന്‍ ഉള്‍പ്പടെ അറസ്റ്റിലായ ക്രൂയിസ് മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തില്‍ ക്രമക്കേടുകളും സംശയാസ്പദമായ ഇടപെടലുകളുമുണ്ടായതായി എന്‍സിബിയുടെ വിജിലസ് വിഭാഗം കണ്ടെത്തിയിരുന്നു. എട്ടോളം ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ വീഴ്ച ഉണ്ടായെന്നായിരുന്നു കണ്ടെത്തല്‍. വാങ്കഡെയ്‌ക്കെതിരേ എന്‍സിബിയിലെ ഉദ്യോഗസ്ഥര്‍ തന്നെ മൊഴി നല്‍കിയിരുന്നു. ആര്യന്‍ഖാനും മറ്റ് അഞ്ച് പ്രതികള്‍ക്കുമെതിരേ തെളിവില്ലെന്നു കണ്ടെത്തി കോടതി വെറുതേ വിട്ടതിനു പിന്നാലെയാണ് എന്‍സിബി നിയോഗിച്ച വിജിലന്‍സ് സംഘത്തിന്റെ നിര്‍ണായക കണ്ടെത്തല്‍.

Tags:    

Similar News