ആഢംബരക്കപ്പലിലെ ലഹരിക്കേസില്‍ ട്വിസ്റ്റ്; നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മേധാവി സമീര്‍ വാങ്കഡെ കൈക്കൂലി വാങ്ങിയെന്ന് ഒന്നാം സാക്ഷി

Update: 2021-10-24 08:48 GMT

മുംബൈ: ആഢംബരക്കപ്പലില്‍ ലഹരി ഉപയോഗിച്ചെന്നാരോപിച്ച് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്ത കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കൈക്കൂലി വാങ്ങിയെന്ന് ആരോപണം. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഈ കേസില്‍ ഒന്നാം സാക്ഷിയാക്കിയ അന്ധേരി സ്വദേശിയാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. അതുസംബന്ധിച്ച സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

നര്‍കോട്ടിക്‌സ് ബ്യൂറോയുടെ സാക്ഷിപ്പട്ടികയില്‍ ഉള്ള കെ പി ഗോസവിയുടെ വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്ന് അവകാശപ്പെടുന്ന പ്രഭാകര്‍ സെയില്‍ ആണ് ആരോപണം ഉന്നയിച്ചത്. പ്രഭാകര്‍ ഈ കേസിലെ ഒന്നാം സാക്ഷിയാണ്.

ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത ശേഷം ഗോസവി എടുത്ത സെല്‍ഫി സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗോസവി പിന്നീട് പൂനെ പോലിസ് ചുമത്തിയ ഒരു വഞ്ചനാ കേസില്‍ പെട്ട് ഒളിവില്‍ പോയി. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സ്വകാര്യ അന്വേഷകനാണ് ഇയാളെന്നും പറയുന്നു.

പ്രഭാകര്‍ പറയുന്ന കഥ ഇങ്ങനെ: ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത ദിവസം ഗോസവിയും ഒരു സാം ഡിസൂസയും തമ്മില്‍ കൈക്കൂലിയെക്കുറിച്ച് പറയുന്നതു കേട്ടിരുന്നു. 25 കോടിയാണ് ഗോസവി ആവശ്യപ്പെട്ടതെന്നും ഒടുവില്‍ 18 കോടിക്ക് സമ്മതിച്ചെന്നും അതില്‍ 8 കോടി സമീര്‍ വാങ്കെഡെക്കാണെന്നും മനസ്സിലായി.

എന്നാല്‍ എല്ലാ ആരോപണവും വാങ്കെഡെ നിഷേധിച്ചു. പണം വാങ്ങിയിട്ടുണ്ടെങ്കില്‍ ആര്യന്‍ ഖാന്‍ ജയിലില്‍ കിടക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

പ്രഭാകര്‍ സെയില്‍ന്റെ ആരോപണം തുടരുന്നു; ലോവല്‍ പരേലിലെ ബിഗ് ബസാറില്‍ ഡിസൂസയുമായി സംസാരിച്ച ശേഷം ബിഗ് ബസാറിനു പുറത്ത് ഒരു നീല മെര്‍സിഡസ് ബെന്‍സ് വന്നുനിന്നു. ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്‌ലാനിയായിരുന്നു കാറില്‍. ഡിസൂസയും ഗോസവിയും കാറില്‍ കയറി 15 മിനിറ്റ് സംസാരിച്ചു. പിന്നീട് ഗോസവി ഡിസൂസയെ ടാര്‍ഡിയോവിലെ ഇന്ത്യാന ബാറിലേക്കയച്ചു. അവിടെ രണ്ട് പേര്‍ പണം നിറച്ച ബാഗ് നല്‍കി. അത് പിന്നീട് വാഷിയിലുള്ള ഗോസവിയുടെ വീട്ടിലെത്തിച്ചു.

ഗോസവിയെ നിലവില്‍ കാണാനില്ലെന്നും പ്രഭാകര്‍ പറയുന്നു.

തന്റെ ജീവനില്‍ ഭയമുണ്ടെന്നും അതുകൊണ്ടാണ് സത്യവാങ് മൂലം നല്‍കുന്നതെന്നുമാണ് പ്രഭാകറിന്റെ അവകാശവാദം. ആര്യന്‍ ഖാന്റെ കേസ് പരിഗണിക്കുന്ന നര്‍കോട്ടിക്‌സ് കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയിലാണ് സത്യവാങ് മൂലം നല്‍കിയത്.

Tags:    

Similar News