ആര്യനെ കുടുക്കിയതോ? ലഹരി മരുന്ന് കേസില്‍ സംശയകരമായ ഇടപെടല്‍; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് വിജിലന്‍സ്

. മാസങ്ങള്‍ക്ക് മുമ്പ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തലവന് സമര്‍പ്പിച്ച 3,000 പേജുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലാണ് കണ്ടെത്തലുള്ളത്. എന്‍സിബിയിലെ എട്ടോളം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സംശയകരമായ പെരുമാറ്റം ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Update: 2022-10-18 18:20 GMT
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസ് അന്വേഷണത്തില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായി റിപോര്‍ട്ട്. മാസങ്ങള്‍ക്ക് മുമ്പ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തലവന് സമര്‍പ്പിച്ച 3,000 പേജുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലാണ് കണ്ടെത്തലുള്ളത്. എന്‍സിബിയിലെ എട്ടോളം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സംശയകരമായ പെരുമാറ്റം ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്നും റിപോര്‍ട്ടിലുണ്ട്.

ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത റെയ്ഡിന് നേതൃത്വം നല്‍കിയ സമീര്‍ വാങ്കഡെയടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്താന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ജൂലായില്‍ സംഘം റിപോര്‍ട്ട് സമര്‍പ്പിച്ചു. ആഡംബര കപ്പലിലെ റേവ് പാര്‍ട്ടിക്കിടെ ലഹരി പിടിച്ചെടുത്തെന്ന് കാണിച്ച് ആര്യന്‍ ഖാന്‍ അടക്കം 15 പേരെ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് എന്‍സിബി ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കി.

അന്വേഷണത്തിലെ ക്രമക്കേടുകളില്‍ 65ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ തന്നെ ചിലര്‍ മൂന്നും നാലും തവണ മൊഴിമാറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഡംബര കപ്പലിലെ ലഹരിക്കേസിന് പുറമേ മറ്റു ചില കേസുകളിലെ അന്വേഷണത്തിലും ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് വിവരം.

വിവാദമായ ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അടക്കം ആറു പ്രതികള്‍ക്കാണ് എന്‍സിബി ക്ലീന്‍ചിറ്റ് നല്‍കിയത്. കേസില്‍ ഇവര്‍ക്കെതിരേ മതിയായ തെളിവുകളില്ലെന്നും അന്വേഷണത്തില്‍ അപാകമുണ്ടായെന്നുമാണ് എന്‍സിബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ 26 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്.


Tags:    

Similar News