'ഇത്ര പെട്ടെന്ന് എങ്ങനെയാണ് മരിക്കുന്നത്?': ആര്യന്‍ ഖാന്റെ കേസിലെ സാക്ഷിയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് മഹാരാഷ്ട്ര മന്ത്രി
മുംബൈ: സിനിമാതാരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസിലെ സാക്ഷി പ്രഭാകര്‍ സെയില്‍ (36)ന്റെ മരണത്തില്‍ അവിശ്വാസം പ്രകടിപ്പിച്ച് മഹാരാഷ്ട്ര മന്ത്രി. ആരോഗ്യമുള്ള ഒരാള്‍ എങ്ങനെയാണ് ഇത്ര പെട്ടെന്ന് മരിക്കുന്നതെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വല്‍സെ പാട്ടീല്‍ ചോദിച്ചു. പ്രഭാകര്‍ സെയിലിന്റെ മരണത്തെക്കുറിച്ച് ഡയറക്ടര്‍ ജനറല്‍ അന്വേഷിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
വെള്ളിയാഴ്ച വൈകീട്ട് മുംബൈ ചെമ്പൂരിലെ വീട്ടില്‍ വച്ചാണ് സെയില്‍ മരിച്ചത്. ഹൃദയാഘാത്തെത്തുടര്‍ന്നാണ് മരണം നടന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചു. കുടുംബത്തിനും മരണത്തില്‍ സംശയങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേസിലെ മറ്റൊരു സാക്ഷിയായ കിരന്‍ ഗോസാവിയുടെ ബോര്‍ഡി ഗാര്‍ഡാണ് ഇദ്ദേഹം. രാജവാദി ആശുപത്രിയിലേക്ക് പെട്ടെന്ന് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 3ന് മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലില്‍ നടത്തിയ റെയ്ഡിനിടെ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് ശേഷം 25 കോടി രൂപയുടെ കൈക്കൂലി ഇടപാടിനെക്കുറിച്ച് ഗോസാവി ചര്‍ച്ച ചെയ്യുന്നത് താന്‍ കേട്ടതായി അദ്ദേഹം സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നു.
നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറൊ മറ്റ്് 19 പേര്‍ക്കൊപ്പം ആര്യന്‍ ഖാനെയും കേസില്‍ പ്രതിയാക്കി. കേസില്‍ അറസ്റ്റിലായ 20 പ്രതികളില്‍ രണ്ടുപേര്‍ മാത്രമാണ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളത്, ബാക്കിയുള്ളവര്‍ ജാമ്യത്തിലാണ്.