ബിജെപി സംസ്ഥാന ഓഫിസ് ആക്രമണകേസ് പിന്‍വലിക്കണമെന്ന ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി; വിധി 27ന്
പാളയം ഏരിയ സെക്രട്ടറി ഐപി ബിനു,ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പ്രിജില്‍ സാജ് കൃഷ്ണ,ജെറിന്‍, സുകേശ് എന്നിവരാണ് കേസിലെ പ്രതികള്‍
തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസായ മാരാര്‍ജി ഭവന്‍ ആക്രമിച്ച കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജിയില്‍ ജൂണ്‍ 27ന് കോടതി വിധി പറയും.
കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കാന്‍ ഉള്ള അനുമതി തേടി സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. കേസിലെ പരാതിക്കാരന്‍ ബിജെപി ഭാരവാഹിയും, പ്രതികള്‍ ഡിവൈഎഫ്‌ഐ അംഗങ്ങളുമാണ്. പൊതുസ്ഥലത്ത് അരങ്ങേറിയ ഈ ആക്രമണത്തിന് സ്വതന്ത്ര സാക്ഷികള്‍ ആരുമില്ല. കേസില്‍ നാലു പ്രതികളാണുള്ളത്. സംഭവം സ്ഥലത്തെ ദൃശ്യങ്ങള്‍ അടങ്ങിയ സി.സി.ടി.വി ദൃശ്യങ്ങള്‍ക്ക് തെളിവ് നിയമത്തിലെ 65 (ബി) സര്‍ട്ടിഫിക്കറ്റ് ഇല്ലാ എന്നീ കാരണങ്ങളാണ് കേസ് പിന്‍വലിക്കുന്ന അപേക്ഷയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പറയുന്ന കാരണങ്ങള്‍.
എന്നാല്‍ കുറ്റപത്രത്തില്‍ കേസ് നിലനില്‍ക്കുന്നതിനുള്ള തെളിവുകള്‍ ഉണ്ടെന്നും ഇത്തരം കേസുകള്‍ പിന്‍വലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും എതിര്‍ഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2017 ജൂലായ് 28നാണ് ബിജെപി ഓഫിസ് ആക്രമിക്കപ്പെട്ടത്. മുന്‍ കോര്‍പറേഷന്‍ കൗണ്‍സിലറും പാളയം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഐപി ബിനു,ഡി.വൈ.എഫ്.ഐ സംസഥാന കമ്മിറ്റി അംഗം പ്രിജില്‍ സാജ് കൃഷ്ണ,ജെറിന്‍, സുകേശ് എന്നിവരാണ് കേസിലെ നാലു പ്രതികള്‍. ഇവര്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ബിജെപി ഓഫിസ് ആക്രമിക്കപ്പെട്ടത്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അടക്കം ആറ് കാറുകളും,ഓഫിസ് ചില്ലുകളും എറിഞ്ഞ് തകര്‍ത്തതായും. സുരക്ഷാ ഉദ്യോഗസ്ഥത്തരെ ചീത്ത വിളിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. ബിജെപി ഓഫീസിന് നേരെയുണ്ടായ ആക്രമണം തടയുവാന്‍ ശ്രമിച്ച മ്യൂസിയം സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ക്ക് പോലിസ് അന്ന് പാരിതോഷികം നല്‍കിയിരുന്നു.