കുറ്റം ചെയ്യുന്നത് ബിജെപി, ജനങ്ങളെന്തിന് സഹിക്കണം; ഹൗറയിലെ പ്രതിഷേധങ്ങള്‍ക്കെതിരേ മമതാ ബാനര്‍ജി

Update: 2022-06-11 09:31 GMT

കൊല്‍ക്കത്ത: പ്രവാചകനെതിരേ വിദ്വേഷപരാമര്‍ശം നടത്തിയതിനെതിരേ നടക്കുന്ന പ്രതിഷേധത്തെ വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി. പ്രതിഷേധത്തിന്റെ രണ്ടാം ദിവസം പോലിസും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തിലാണ് മമതയുടെ പ്രതികരണം. പ്രവാചകനിന്ദ നടത്തിയത് ബിജെപിയാണെന്നും അതിന് ജനങ്ങള്‍ എന്തിന് സഹിക്കണമെന്നുമായിരുന്നു മമതയുടെ ചോദ്യം.

ചില രാഷ്ട്രീയപാര്‍ട്ടികള്‍ സംസ്ഥാനത്ത് കലാപം അഴിച്ചുവിടാന്‍ ശ്രമിക്കുന്നതായി മമത കുറ്റപ്പെടുത്തി. 

'ഞാന്‍ ഇത് നേരത്തെ പറഞ്ഞിരുന്നു. രണ്ട് ദിവസമായി ഹൗറയില്‍ സാധാരണ ജനജീവിതം താറുമാറായി, അക്രമ സംഭവങ്ങളുണ്ടായി. ചില രാഷ്ട്രീയ പാര്‍ട്ടികളാണ് ഇതിന് പിന്നില്‍, കലാപമുണ്ടാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇത് വെച്ചുപൊറുപ്പിക്കില്ല, കര്‍ശന നടപടി സ്വീകരിക്കും. ബിജെപി പാപം ചെയ്തു, ജനങ്ങള്‍ അതിന് കഷ്ടപ്പെടണോ?,' - മമത ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം മുതല്‍ ഹൗറയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ പോലിസ് നടപടിയെടുത്തിരുന്നു. അതോടെയാണ് പലയിടങ്ങളിലും സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. ഇന്ന് പുലര്‍ച്ചെ ഇതേ മേഖലയില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായി.

കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. അടുത്ത ബുധനാഴ്ചവരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റിനും നിരോധനമുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച ഹൗറയില്‍ പലയിടത്തും പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചിരുന്നു. സംസ്ഥാനത്ത് നടത്തുന്ന സമരം അവസാനിപ്പിച്ച് ഡല്‍ഹിയിലേക്ക് പോയി പ്രതിഷേധിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ഉപദേശം.

ബിജെപി നേതാവ് നൂപുര്‍ ശര്‍മ്മയും നവീന്‍ കുമാര്‍ ജിന്‍ഡാലും വിദ്വേഷപരാമര്‍ശംകൊണ്ട് ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നും അവരെ അറസ്റ്റ്‌ചെയ്യണമെന്നും മമത ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്ന് വന്‍ പ്രതിഷേധമാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വെടിയേറ്റ് 2 പേര്‍ മരിച്ചു. പ്രതിഷേധക്കാരും പോലിസും ഏറ്റുമുട്ടി 12 പേര്‍ക്ക് പരിക്കേറ്റു. നാല് പോലീസുകാര്‍ക്കും പരിക്കുണ്ട്.

ഉത്തര്‍പ്രദേശിലെ പല പട്ടണങ്ങളിലും സംഘര്‍ഷം നടക്കുന്നുണ്ട്. പലയിടങ്ങളിലായി 200 ഓളം പേര്‍ അറസ്റ്റിലായി.

പ്രതിഷേധങ്ങള്‍ ഡല്‍ഹിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടും നേരത്തെ മമത രംഗത്തുവന്നിരുന്നു. കര്‍ഷക സമരകാലത്തും പല സംസ്ഥാനങ്ങളും പ്രതിഷേധിച്ചവരോട് ഇതേ നിലപാടാണ് കൈക്കൊണ്ടത്.

Tags:    

Similar News