തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ തിരുവനന്തപുരം പുത്തന്‍തോപ്പില്‍ നിന്നും കടലില്‍ കാണാതായ മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തി. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറയ്ക്കല്‍ സ്വദേശി ശ്രേയസ് (16), കണിയാപുരം മസ്താന്‍മുക്ക് സ്വദേശി സാജിദ് (19) എന്നിവരുടെ മൃതദേഹങ്ങള്‍ പെരുമാതുറ പുതുക്കുറിച്ചി എന്നിവിടങ്ങളില്‍ നിന്നും പുലര്‍ച്ചയോടെ കണ്ടെത്തി. മരിച്ച ശ്രേയസ് പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ്.
ശ്രേയസിനെ രക്ഷിക്കുന്നതിനിടെ ആണ് സാജിദ് തിരയില്‍പ്പെട്ടത്. ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. കഠിനംകുളം, അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലിസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അഞ്ചുതെങ്ങില്‍ നിന്നും കടലില്‍ കാണാതായ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി സജന്‍ ആന്റണിയുടെ (34) മൃതദേഹം തിങ്കളാഴ്ച വൈകീട്ട് ആറോടെ വെട്ടൂര്‍ റാത്തിക്കല്‍ നിന്നും കണ്ടെത്തിയിരുന്നു. ഞായറാഴ്ച വൈകീട്ടാണ് കഠിനംകുളത്തും അഞ്ച് തെങ്ങിലുമായി മൂന്ന് യുവാക്കളെ കടലില്‍ കാണാതായത്.