ബള്‍ഗേറിയയില്‍ ഉപേക്ഷിക്കപ്പെട്ട ട്രക്കില്‍ കുട്ടിയടക്കം 18 കുടിയേറ്റക്കാര്‍ മരിച്ച നിലയില്‍
സൊഫിയ: ബള്‍ഗേറിയയില്‍ ഉപേക്ഷിക്കപ്പെട്ട ട്രക്കില്‍ കുട്ടിയടക്കം 18 കുടിയേറ്റക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. ലോകോര്‍സ്‌കോയിലെ സോഫിയ ഗ്രാമത്തിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ട്രക്ക് കണ്ടെത്തിയതെന്ന് ബള്‍ഗേറിയന്‍ പത്രമായ ട്രൂഡ് റിപോര്‍ട്ട് ചെയ്തു. 40 ഓളം പേര്‍ ട്രക്കിലുണ്ടായിരുന്നു. അവശനിലയില്‍ കണ്ടെത്തിയവരെ ആശുപത്രികളിലേക്ക് മാറ്റി. ട്രക്കിന്റെ ഡ്രൈവറെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രക്ഷപ്പെട്ടവരില്‍ ഭൂരിഭാഗവും വളരെ മോശമായ നിലയിലാണെന്ന് ബള്‍ഗേറിയന്‍ ആരോഗ്യമന്ത്രി അസെന്‍ മെഡ്ഷിദീവ് പറഞ്ഞു. അവര്‍ ഓക്‌സിജന്റെ അഭാവം മൂലം കഷ്ടപ്പെട്ടു. വസ്ത്രങ്ങള്‍ നനഞ്ഞിരിക്കുന്നു. അവര്‍ മരവിച്ച അവസ്ഥയിലായിരുന്നു. ദിവസങ്ങളോളം ഭക്ഷണം കഴിച്ചിട്ടില്ലെന്നും മെഡ്ഷിദീവ് പറഞ്ഞു. തലസ്ഥാനമായ സോഫിയയ്ക്ക് സമീപമുള്ള ഹൈവേയിലാണ് ട്രക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രഹസ്യ അറയില്‍ നിന്നാണ് കുടിയേറ്റക്കാരെ പോലിസ് കണ്ടെത്തിയത്. കുടിയേറ്റക്കാരെല്ലാം അഫ്ഗാനിസ്താനില്‍ നിന്നുള്ളവരാണെന്ന് ബള്‍ഗേറിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.