കുറ്റ്യാടിയില്‍ കോണ്‍ഗ്രസ് ഓഫിസിനുനേരെ ബോംബേറ്

ഇന്നലെ കോണ്‍ഗ്രസിന്റെ കൊടിമരം നശിപ്പിക്കുവാനുള്ള ശ്രമങ്ങളും ഇവിടെ നടന്നിരുന്നു

Update: 2022-06-15 04:51 GMT

കോഴിക്കോട്:കുറ്റ്യാടി അമ്പലക്കുളങ്ങരയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിനുനേരെ ബോംബേറ്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് ബോംബേറുണ്ടായത്.പെട്രോള്‍ ബോംബുപയോഗിച്ചാണ് ആക്രമണം ഉണ്ടായത്.കുറ്റിയാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും സംഭവസ്ഥലത്ത് പരിശോധന നടത്തി.

ബോംബേറില്‍ ഓഫിസിന്റെ ജനല്‍ചില്ലകള്‍ തകര്‍ന്നു.ഒറ്റപ്പെട്ട സ്ഥലത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് പാര്‍ട്ടി ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇതിന് താഴെയായി ലൈബ്രറിയും കടയും പ്രവര്‍ത്തിക്കുന്നുണ്ട്. റോഡില്‍ നിന്ന് ബോംബ് വലിച്ചെറിഞ്ഞാണ് ആക്രമണം നടത്തിയതെന്ന് പോലിസ് പറയുന്നു.ഫോറന്‍സിക് പരിശോധന നടത്തുമെന്ന് പോലിസ് അറിയിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.

ഇന്നലെ കോണ്‍ഗ്രസിന്റെ കൊടിമരം നശിപ്പിക്കുവാനുള്ള ശ്രമങ്ങളും ഇവിടെ നടന്നിരുന്നു.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ ശ്രമം തടയുകയായിരുന്നു.

സ്വര്‍ണ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് പരക്കെ സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു.ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ വ്യാപക അക്രമങ്ങള്‍ നടക്കുകയാണ്.

ഇന്നലെ രാത്രി പേരാമ്പ്ര പ്രസിഡന്‍സി റോഡിലെ കോണ്‍ഗ്രസ് ഓഫിസിന് നേരേയും ആക്രമണമുണ്ടായിരുന്നു. ഓഫിസിന്റെ വാതിലുകളും ജനലുകളും തകര്‍ന്നു. കോഴിക്കോട് ഏറാമല കുന്നുമ്മക്കര കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരേയും ആക്രമം ഉണ്ടായി. മണ്ണൂരിലും കൊയിലാണ്ടിയിലും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ ആക്രമിച്ചു. പോലിസ് നോക്കിനില്‍ക്കെയാണ് ഈ സ്ഥലങ്ങളില്‍ സിപിഎം ആക്രമം നടത്തിയതെന്ന് കോഴിക്കോട് ഡിസിസി സെക്രട്ടറി അഡ്വക്കേറ്റ് കെ പ്രവീണ്‍ കുമാര്‍ ആരോപിച്ചു.

Tags:    

Similar News