പ്ലസ് വണ്‍ പ്രവേശനത്തിലെ അശാസ്ത്രീയ ബോണസ് പോയിന്റ്; ഇഷ്ടമുള്ള സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാതെ വലഞ്ഞ് വിദ്യാര്‍ഥികള്‍

പ്ലസ് വണ്‍ പ്രവേശനത്തിന് പഠിക്കുന്ന സ്‌കൂളിനും, പഞ്ചായത്തിനും, താലൂക്കിനും ബോണസ് മാര്‍ക്ക് കൊടുക്കുന്ന രീതി അശാസ്ത്രീയമാണ്

Update: 2022-08-26 10:49 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിലെ അശാസ്ത്രീയമായ ബോണസ് പോയിന്റ് രീതി മൂലം മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പോലും ഇഷ്ടമുള്ള സ്‌കൂളോ വിഷയമോ ലഭിക്കാതെ വലയുന്നു. പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഇഷ്ട്ടപ്പെട്ട സ്‌കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നില്ല. അവര്‍ക്ക് ഇഷ്ട്‌പ്പെട്ട വിഷയവും ലഭിക്കുന്നില്ല. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള അശാസ്ത്രീയ ബോണസ് പോയിന്റാണ് വില്ലനായി നില്‍ക്കുന്നത്. മെറിറ്റ് അടിസ്ഥാനത്തില്‍ മിടുക്കരായ കുട്ടികള്‍ക്ക് അവര്‍ ഇഷ്ട്ടപ്പെടുന്ന സ്‌കൂളുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ വരും വര്‍ഷങ്ങളിലെങ്കിലും സാധിക്കുന്നതിനു വേണ്ടി ഇപ്പോഴത്തെ അലോട്ട്‌മെന്റ് രീതി പൊളിച്ചെഴുതണം.

പത്താം ക്ലാസ്സില്‍ പഠിച്ച സ്‌കൂളില്‍ പ്രവേശനത്തിന്, ആ പഞ്ചായത്തില്‍പെട്ട വിദ്യാര്‍ത്ഥിയാണ് പ്ലസ് വണ്ണിന് അപേക്ഷിക്കുന്നതെങ്കില്‍ ബോണസായി രണ്ടു മാര്‍ക്ക് ലഭിക്കും. അപേക്ഷകന് ആ താലൂക്കുകാരന്‍ ആണെങ്കില്‍ ബോണസ് പോയിന്റായി ഒരു മാര്‍ക്ക് ലഭിക്കും.

പഠിച്ച സ്‌കൂളില്‍ ഫുള്‍ എ പ്ലസ് ഉണ്ടെങ്കിലും തുടര്‍ന്ന് പഠനത്തിന് ആ സ്‌കൂളില്‍ പ്ലസ്ടു/ഹയര്‍ സെക്കണ്ടറി ഇല്ലെങ്കില്‍ മറ്റു പഞ്ചായത്തിലെയോ താലൂക്കിലെയോ സ്‌കൂളുകളില്‍ ഏകജാലകം വഴി അപേക്ഷിക്കേണ്ടിവരും. അപ്പോള്‍ ഫുള്‍ എ പ്ലസ് വാങ്ങിയ കുട്ടി കുറച്ചുമാര്‍ക്ക് വാങ്ങി വിജയിച്ച കുട്ടികളെക്കാള്‍ പോയിന്റ് നിലയില്‍ പിന്നിലായിരിക്കും.

ഇവിടെ മെറിറ്റ് അട്ടിമറിക്കപ്പെടുകയാണ്. ഇത് വലിയ അനീതിയാണ്. കേരളത്തില്‍ എവിടെയിരുന്നും ഏക ജാലകത്തിലൂടെ പ്ലസ് വണിന് അപേക്ഷിക്കാമെങ്കിലും പ്രവേശനത്തിന് പഠിക്കുന്ന സ്‌കൂളിനും, പഞ്ചായത്തിനും, താലൂക്കിനും ബോണസ് മാര്‍ക്ക് കൊടുക്കുന്ന രീതി അശാസ്ത്രീയമാണ്. മതിയായ സ്‌കൂളോ ഹയര്‍സെക്കണ്ടറി ബാച്ചോ ഇല്ലാത്ത പഞ്ചായത്തുകളിലെ വിദ്യാര്‍ഥികള്‍ സര്‍ക്കാരിന്റെ ബോണസ് പോയിന്റ് മൂലം കടുത്ത പ്രതിസന്ധി അനുഭവിക്കുകയാണ്.

മലപ്പുറം ജില്ലയിലെ എടരിക്കോട് സ്‌കൂളില്‍ ഒരുവര്‍ഷം 2100 കുട്ടികളാണ് എസ്എസ്എല്‍സി  പരീക്ഷ പാസ്സാകുന്നത്. ആറു ബാച്ചുകളിലായി 300 കുട്ടികള്‍ക്ക് മാത്രമാണ് ഈ സ്‌കൂളില്‍ പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കുക. സ്വാഭാവികമായും മറ്റ് കുട്ടികള്‍ മറ്റു പഞ്ചായത്തിലോ, താലൂക്കിലോ ഉള്ള സ്‌കൂളുകളെ ആശ്രയിക്കേണ്ടിവരും.

അതുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാന്‍ ജനസംഘ്യാനുപാതികമായി എല്ലാ പഞ്ചായത്തുകളിലും ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ അനുവദിക്കണം. ഹയര്‍ സെക്കണ്ടറി ഉള്ളിടത് ആവശ്യമായ ബാച്ചുകളും അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. സംസ്‌കാരിക ജനാധിപത്യ വേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഈ വിഷയം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്. 

Tags:    

Similar News