കുപ്പിവെള്ള വില നിയന്ത്രണം: കേരള സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍

Update: 2021-12-16 19:24 GMT

തിരുവനന്തപുരം: ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപ വില നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ നിയമ വശം പരിശോധിച്ച് സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.

ഉപഭോക്താക്കളായ സാധാരണ ജനങ്ങളുടെ താത്പര്യമാണ് സര്‍ക്കാരിന് മുഖ്യമെന്നും ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നിലെ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ കോടതി പ്രശംസിക്കുകയുണ്ടായെന്ന് മന്ത്രി പറഞ്ഞു.

എന്നാല്‍ 1955ലെ എസന്‍ഷ്യല്‍ കമോഡിറ്റീസ് ആക്റ്റിന്റെ പരിധിയില്‍ വരുന്ന ഭക്ഷ്യ പദാര്‍ത്ഥമെന്ന ഇനത്തിലാണ് കുടിവെള്ളം വരികയെന്നും 1986 ലെ കേരള എസന്‍ഷ്യല്‍ ആര്‍ട്ടിക്കിള്‍ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നുമാണ് കോടതി കണ്ടെത്തിയത്. എന്നാല്‍ കുപ്പിവെള്ളം വേറിട്ട സ്വഭാവമുള്ള ഒരു വാണിജ്യ ഉല്‍പ്പന്നമാണെന്നാണ് കേരള സര്‍ക്കാര്‍ നിലപാട്.

രണ്ടു മാസത്തിനുള്ളില്‍ ഈ വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനതാത്പര്യം മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ കൈക്കൊണ്ട നടപടിയെ പിന്തുണയ്ക്കാന്‍ കേന്ദ്രം തയ്യാറാവണം. ആവശ്യമായ നിയമനടപടികള്‍ ഇതിനനുസൃതമായി ഹൈക്കോടതിയില്‍ കൈക്കൊള്ളാന്‍ കേന്ദ്രം തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. 

Tags:    

Similar News