റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്നതോര്‍ത്ത് തലകുനിയുന്നു; അനിഷ്ടസംഭവമെങ്കിലും സമരത്തിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി
ഛണ്ഡീഗഢ്: റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ അതൃപ്തിയറിയിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലിയ്ക്കിടയില്‍ നടന്ന സംഘര്‍ഷം രാജ്യത്തിന് അപമാനകരമാണെന്നും രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരത്തെ അത് ദുര്‍ബലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. എങ്കിലും തുടര്‍ന്നും കര്‍ഷക സമരത്തോടൊപ്പം നിലകൊള്ളുമെന്നും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നതിനെതിരേയുള്ള പ്രതിരോധമാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെങ്കോട്ടയിലെ ദേശീയപതാക രാജ്യത്തെ ധീരദേശാഭിമാനികള്‍ ജീവന്‍ കൊടുത്ത് നേടിയെടുത്തതാണ്. അതാണ് റിപബ്ലിക് ദനത്തില്‍ അപമാനിക്കപ്പെട്ടത്. ചെങ്കോട്ടയില്‍ ദേശീയപതാക പാറിപ്പറക്കാന്‍ മഹാത്മാഗാന്ധിക്ക് ജീവിതകാലം മുഴുവന്‍ അഹിംസയെ അടിസ്ഥാനപ്പെടുത്തി സമരം ചെയ്യേണ്ടിവന്നു-മുഖ്യമന്ത്രി പറഞ്ഞു. റിപബ്ലിക്ക് ദിനത്തിലുണ്ടായ സംഘര്‍ഷങ്ങളില്‍ അപമാനഭാരത്താല്‍ തന്റെ തല കുനിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റിപബ്ലിക് ദിനത്തില്‍ നടന്ന സംഭവം ഡല്‍ഹി പോലിസ് വിശദമായി അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണം. അതിന്റെ പേരില്‍ കൂടുതല്‍ കര്‍ഷകരെ കള്ളക്കേസില്‍ പെടുത്തുന്നത് ശരിയല്ല. ഇക്കാര്യം സമരക്കാരും മനസ്സില്‍ വയ്ക്കണം- അദ്ദേഹം പറഞ്ഞു.
രണ്ട് മാസമായി നടക്കുന്ന സമരം അനുരജ്ഞനത്തിലെത്താത്ത സാഹചര്യത്തിലാണ് കര്‍ഷക സംഘടനകള്‍ റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി പ്രഖ്യാപിച്ചത്.