ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേരുമോ അതോ സ്വന്തം പാര്‍ട്ടിയുണ്ടാക്കുമോ?

Update: 2021-09-30 15:43 GMT

ഛണ്ഡീഗഢ്: പഞ്ചാബ് ഒരു യുദ്ധക്കളമായിട്ട് മാസങ്ങളായി. ആദ്യം അമരീന്ദറിനെതിരേ സിദ്ദുവിന്റെ പടയൊരുക്കം. ഒടുവില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് സിദ്ദു രാഹുലിനെ സമീപിക്കുന്നു. രാഹുല്‍ ഒഴിഞ്ഞുമാറി. പിന്നെ പ്രിയങ്ക ഇടപെടുന്നു. ഒടുവില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ആകെ ഇടപെട്ടതോടെ സിദ്ദു പാര്‍ട്ടിയുടെ മേധാവിയായി രംഗത്തുവന്നു. അമരീന്ദര്‍ മുഖ്യമന്ത്രിയായി തുടര്‍ന്നു. എന്നാല്‍ കാര്യങ്ങള്‍ അവിടെ നിന്നില്ല. പ്രശ്‌നം തുടര്‍ന്നു. ഒടുവില്‍ രണ്ടാഴ്ച മുമ്പ് അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. പാര്‍ട്ടിയില്‍ നിന്നുകൊണ്ട് ഈ അപമാനം സഹിക്കാനാവില്ലെന്ന് അമരീന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴും അതാവര്‍ത്തിക്കുന്നു.

കഴിഞ്ഞ ദിവസം അമരീന്ദര്‍ സുപ്രധാനമായ ഒരു നീക്കം നടത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തി. സോണിയാഗാന്ധിയെ കണ്ടു. കൂട്ടത്തില്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും.

അമരീന്ദര്‍ ബിജെപിയിലേക്കെന്ന വാര്‍ത്തയുമായാണ് കഴിഞ്ഞ ദിവസം പത്രങ്ങള്‍ പുറത്തിറങ്ങിയത്. എന്നാല്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ തല്‍ക്കാലം ബിജെപിയിലേക്ക് പോകില്ലെന്ന് അമരീന്ദര്‍ പറഞ്ഞു. അത് പുതിയ ചില ആലോചനകളിലേക്ക് രാഷ്ട്രീയനിരീക്ഷകരെ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. അമരീന്ദര്‍ ബിജെപിയില്‍ ചേരുമോ അതോ സ്വന്തമായി ഒരു പാര്‍ട്ടി രൂപീകരിക്കുമോ? അമരീന്ദറിന്റെ ചരിത്രം ഈ രണ്ട് ചോദ്യങ്ങള്‍ക്കു സാധ്യത കല്‍പ്പിക്കുന്നു.

കഴിഞ്ഞ 51 വര്‍ഷമായി അമരീന്ദര്‍ പഞ്ചാബ് രാഷ്ട്രീയത്തിലുണ്ട്. ആദ്യം കോണ്‍ഗ്രസ്സ്‌കാരനായിരുന്നു. 1984ല്‍ അദ്ദേഹം ശിരോമണി അകാലിദളില്‍ ചേക്കേറി. കോണ്‍ഗ്രസ് സുവര്‍ണക്ഷേത്രത്തിലേക്ക് നടത്തിയ സൈനിക നടപടിയെത്തുടര്‍ന്നായിരുന്നു അത്. 1992 ല്‍ അകാലിദള്‍ വിട്ട് ശിരോമണി അകാലിദള്‍ (പാന്തിക്) പാര്‍ട്ടി എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. 1997ല്‍ വീണ്ടും കോണ്‍ഗ്രസ്സിലേക്ക്.

രാഷ്ട്രീയ നിരീക്ഷകര്‍ രണ്ട് സാധ്യതകളാണ് കാണുന്നത്. ഒന്നുകില്‍ ബിജെപിയില്‍ ചേര്‍ന്നേക്കാം. അല്ലെങ്കില്‍ ബിജെപിയുമായി രഹസ്യധാരണയോടെ സ്വന്തം പാര്‍ട്ടി രൂപീകരിക്കാം. രണ്ടും അസാധ്യമായ കാര്യമല്ലെന്ന് പലരും കരുതുന്നു.

ബിജെപിയെ സംബന്ധിച്ചിടത്തോളം സഖ്യകക്ഷിയായ അകാലിദള്‍ ഇന്ന് പുറത്താണ്. അവര്‍ ബിഎസ്പിയുമായി ധാരണയുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. സ്വാഭാവികമായും തിരഞ്ഞെടുപ്പില്‍ ഒരു സിക്ക് മുഖം ബിജെപിക്ക് ആവശ്യമാണ്. പ്രത്യേകിച്ച് പഞ്ചാബാവുമ്പോള്‍. അക്കാര്യത്തില്‍ അമരീന്ദര്‍ സിങ് നല്ല ചോയ്‌സാണ്.

അദ്ദേഹത്തിന്റെ സൈനികപശ്ചാത്തലം ഒരു ദേശീയവാദിയുടെ ഛായ അദ്ദേഹത്തിന് നല്‍കും. അത് ബിജെപിക്ക് താല്‍പ്പര്യമുള്ള കാര്യമാണ്. കോണ്‍ഗ്രസ്സുകാരനായിരിക്കുന്ന സമയത്ത് പോലും അമരീന്ദര്‍ ബിജെപിയോട് താല്‍പ്പര്യം കാണിക്കാറുണ്ട്.

ബലാക്കോട്ട് ആക്രമണ കാര്യത്തില്‍ പാക് പട്ടാളക്കാരുടെ മരണം എത്രയാണെന്നതിന് തെളിവ് നല്‍കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഒരാളായാലും നൂറാളായാലും പാക് പട്ടാളത്തിന് ഇതൊരു ഇരുട്ടടിയാണെന്ന് അമരീന്ദര്‍ നിലപാടെടുത്തു.

അമരീന്ദര്‍ അജിത് ഡോവലുമായി ആലോചിച്ചാണ് ഉയര്‍ന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിയത് മുന്‍ എഎപി എംഎല്‍എയും പിന്നീട് കോണ്‍ഗ്രസ്സിന്റെ ഭാഗമാവുകയും ചെയ്ത സുഖ്പാല്‍ ഖൈയ്‌റയാണ്. ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും നിയമനങ്ങള്‍ ഇത്തരത്തില്‍ വിലയിരുത്തപ്പെട്ടിരുന്നു.

സിദ്ദുവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദത്തില്‍ പോലും അമരീന്ദര്‍ ദേശവിരുദ്ധനെന്ന വാക്ക് പല തവണ ഉപയോഗിച്ചു. സിദ്ദുവിന് പാക് പ്രധാനമന്ത്രി ഇമ്രാനുമായുള്ള ബന്ധത്തെ സുരക്ഷാപ്രശ്‌നമായാണ് അമരീന്ദര്‍ ഉയര്‍ത്താറ്. ഇത്തവണയും അതുണ്ടായി. സിദ്ദു സുരക്ഷാഭീഷണിയാണെന്ന മട്ടിലായിരുന്നു പ്രസ്താവന. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് പഞ്ചാബെന്ന് എല്ലായ്‌പ്പോഴും എടുത്തുപറയുന്നതും ആര്‍എസ്എസ്സിന്റെ തീവ്രദേശീയവാദത്തിന്റെ അരികുപറ്റിയാണ്. സോണിയാഗാന്ധിക്കുള്ള രാജിക്കത്തിലും പഞ്ചാബിന്റെ ഭൂമിശാസ്ത്രപരമായ പ്രധാന്യം അദ്ദേഹം എടുത്തുപറഞ്ഞിരുന്നു.

അതേസമയം കര്‍ഷക സമരം അമരീന്ദറിന്റെ പ്രധാന പ്രശ്‌നമാണ്. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാണ് അമരീന്ദറിന്റെ ആവശ്യം. എന്നാല്‍ ബിജെപിക്ക് അതില്‍ താല്‍പര്യമില്ല.

ഇതിനിടയില്‍ മറ്റൊരു കിംവദന്തി രൂപപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 2ന് സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കും. അകാലിദള്‍ സഖ്യത്തില്‍ നിന്ന് പുറത്തുപോകുന്നതോടെ നഷ്ടപ്പെട്ട സിഖ് മുഖം അമരീന്ദറിലൂടെ തിരിച്ചെടുക്കാന്‍ കഴിയുമെന്ന് ബിജെപിക്ക് അറിയാം. അതിന് അമരീന്ദര്‍ ബിജെപിയില്‍ ചേരണമെന്നില്ലെന്നും അവര്‍ക്കറിയാം. ചിലപ്പോള്‍ സ്വന്തം പാര്‍ട്ടിയുമായി ബിജെപിയുമായി സഖ്യമുണ്ടാക്കിയാലും മതിയല്ലോ. ചിലപ്പോള്‍ അമരീന്ദറിനും അതായിരിക്കും താല്‍പ്പര്യം.

Tags:    

Similar News