കൊറോണയെ നേരിടാന്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിന് ബിപിസിഎല്‍ ഒരു കോടി രൂപ നല്‍കും
ബിപിസിഎല്‍ന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ് ഒരു കോടി രുപ ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.
കണ്ണൂര്‍: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് (പരിയാരം) ആശുപത്രിയില്‍ ഐസിയു വെന്റിലേറ്റര്‍, പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ മറ്റ് അനുബന്ധ ഉപകരണങ്ങള്‍ക്കായി ഒരു കോടി രൂപ കൂടി അനുവദിച്ചു. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഉപയോഗിക്കാന്‍ സാധിക്കുന്ന സവിശേഷതയുള്ളതാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ഉപകരണങ്ങള്‍. ബിപിസിഎല്‍ന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ് ഒരു കോടി രുപ ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ കൂടുതല്‍ വിപുലമായ ആധുനിക സൗകര്യങ്ങള്‍ കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരുക്കുന്നതിനാണ് കൂടുതല്‍ തുക ആവശ്യമായതെന്ന് കെ കെ രാഗേഷ് എം.പി പറഞ്ഞു.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ കൊറോണ ബാധ സ്ഥിരീകരിച്ച ഉടന്‍ തന്നെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് (പരിയാരം) സൂപ്രണ്ട് ഡോ. കെ സുദീപുമായും പ്രിന്‍സിപ്പല്‍ ഡോ. എന്‍ റോയിയുമായും ചികിത്സാ സൗകര്യം സംബന്ധിച്ച് കെ കെ രാഗേഷ് എം പി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് പൊതുമേഖല സ്ഥാപനങ്ങളിലെ മേധാവികളുമായി സംസാരിക്കുകയും പ്രൊപ്പോസല്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിപിസിഎല്‍ ഇപ്പോള്‍ ഒരു കോടി രൂപ അനുവദിച്ചിരിക്കുന്നത്.
നേരത്തേ എം.പി ഫണ്ടില്‍ നിന്ന് 1 കോടി രൂപ അനുവദിച്ചിരുന്നു. അതിനു പുറമെ ഗെയില്‍ ഇന്ത്യാ ലിമിറ്റഡ് 50 ലക്ഷം രൂപ ഗവ. മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാനായി അനുവദിച്ചിരുന്നു. പൊതുമേഖലാ സ്ഥപനമായ ബി.പി.സി.എല്‍ ലിമിറ്റഡ് കമ്പനി ഭരണസമിതിക്ക് കെ.കെ.രാഗേഷ് എം.പി നന്ദി അറിയിച്ചു.