ബിപിസിഎല്‍ സ്വകാര്യവല്‍കരണത്തിനെതിരേ പ്രക്ഷോഭം; നാളെ രാഹുല്‍ എത്തും, സമരത്തിന് പുതിയ മുഖമെന്ന് ബെന്നി ബഹനാന്‍
വൈകീട്ട് ഏഴോടെ കണ്ണൂരില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ഗാന്ധി 7.30ഓടെ അമ്പലമുകള്‍ ബിപിസിഎല്‍ റിഫൈനറിയിലെത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊച്ചി: ബിപിസിഎല്‍ സ്വകാര്യവല്‍കരണത്തിനെതിരേ നടക്കുന്ന പ്രക്ഷോഭ പരിപാടികളില്‍ പങ്കാളിയാവാന്‍ രാഹുല്‍ ഗാന്ധി നാളെ കൊച്ചിയിലെത്തും. വൈകീട്ട് ഏഴോടെ കണ്ണൂരില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ഗാന്ധി 7.30ഓടെ അമ്പലമുകള്‍ ബിപിസിഎല്‍ റിഫൈനറിയിലെത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരക്കാരെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്ന രാഹുല്‍ഗാന്ധി ബിപിസിഎല്‍ തൊഴിലാളികളുമായും തുടര്‍ന്ന് മാനേജ്‌മെന്റ് പ്രതിനിധികളുമായും ചര്‍ച്ച നടത്തും. ഒന്നര മണിക്കൂറോളം സമര പരിപാടികളില്‍ പങ്കെടുത്ത ശേഷമായിരിക്കും രാഹുല്‍ ഗാന്ധി മടങ്ങുക.
രാഹുല്‍ ഗാന്ധിയുടെ വരവ് ബിപിസിഎല്‍ സമരത്തിന് പുതിയമുഖം നല്‍കുമെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു. സേവ് ബിപിസിഎല്‍ സേവ് ഇന്ത്യ എന്ന മുദ്രവാക്യമാണ് രാഹുല്‍ഗാന്ധി ഉയര്‍ത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രാജ്യത്തിന്റെ സാമ്പത്തികരംഗം തകര്‍ച്ചയിലാണ്. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ അമേരിക്കയോടും ചൈനയോടുമാണ് മത്സരിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ബംഗ്ലാദേശിനേക്കാളും ഭൂട്ടാനിനേക്കാളും താഴെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നതിന് വേണ്ട ഒരു നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. റിസര്‍വ് ബാങ്കിന്റെ കരുതല്‍ മൂലധനം വരെ എടുത്ത ശേഷമാണ് മോദി സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളെയും വില്‍ക്കാന്‍ ഒരുങ്ങുന്നത്. ഉയര്‍ന്ന ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബിപിസിഎലിനെ സ്വകാര്യവല്‍ക്കരിക്കുന്നതിന് പിന്നില്‍ ബിജെപിക്ക് വ്യക്തമായ താല്‍പര്യങ്ങളുണ്ട്. 7.50 ലക്ഷം കോടിയാണ് ബിപിസിഎലിന്റെ മൂല്യം. എന്നാല്‍ രാജ്യത്ത് തന്നെ ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനത്തെ വെറും അമ്പതിനായിരം കോടി രൂപക്ക് വില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളെ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുമ്പോള്‍ അതുവഴി ലഭിക്കുന്ന രാഷ്ട്രീയ ലാഭങ്ങളാണോ ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ബിപിസിഎലിന്റെ സ്വകാര്യവല്‍ക്കരണമെന്ന്് ഹൈബി ഈഡന്‍ എംപി പറഞ്ഞു. ബിപിസിഎല്‍ വാങ്ങാന്‍ പോകുന്നവരുടെ കയ്യില്‍നിന്നും കോടികണക്കിന് രൂപ കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ളവരും ബിജെപിയും വാങ്ങിയിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. കൊച്ചിയില്‍ ബിപിസിഎല്‍ സ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരാണ് 1200 ഏക്കര്‍ സ്ഥലം അനുവദിച്ചത്. ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനും പൊതുമേഖലയെ ശാക്തീകരിക്കുന്നതിനും വേണ്ടിയാണ് അന്ന് സ്ഥലം നല്‍കിയത്. അതിനാല്‍ സ്ഥലം മറ്റൊരു സ്വകാര്യ കമ്പനിക്കോ വ്യക്തിക്കൊ ഒരിക്കലും ഏറ്റെടുക്കാന്‍ സാധിക്കില്ല. ഇക്കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കി ശേഷം വേണ്ട നിയമ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും ഹൈബി ആവശ്യപ്പെട്ടു. എംഎല്‍എമാരായ വി പി സജീന്ദ്രന്‍, ടി ജെ വിനോദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.