അംബേദ്കര്‍ക്കെതിരായ പരാമര്‍ശം; അമിത് ഷാ രാജ്യത്തോട് മാപ്പ് പറയണം: മുഹമ്മദ് ഷെഫി
ന്യൂഡല്‍ഹി: ബാബാ സാഹേബ് അംബേദ്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ അമിത് ഷാ രാജ്യത്തോട് മാപ്പ് പറയണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി. ഭരണഘടനാ ശില്‍പിയായ അംബേദ്കറിനെതിരേ അമിത് ഷാ നടത്തിയ പരിഹാസ പരാമര്‍ശങ്ങള്‍ ദലിത് സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവമാണ് ചിത്രീകരിക്കുന്നതെന്നും ഒരു മതേതര രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാകാന്‍ അമിത് ഷാ യോഗ്യനല്ലെന്നും ഈ പരിഹാസ പരാമര്‍ശത്തിന് അമിത് ഷാ രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. മാപ്പ് പറയാന്‍ വിസമ്മതിച്ചാല്‍ അദ്ദേഹത്തെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
370ാം അനുച്ഛേദം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നയങ്ങളോടുള്ള വിയോജിപ്പ് മൂലമാണ് നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭയില്‍ നിന്ന് അംബേദ്കറിന് രാജിവയ്‌ക്കേണ്ടി വന്നതെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. 'അംബേദ്കര്‍,' എന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞിരുന്നു.