'ചില വ്യക്തികള്‍ക്ക് അംബേദ്കറിന്റെ പേരിനോട് അലര്‍ജി'; അമിത് ഷാക്കെതിരേ വിജയ്
ചെന്നൈ: ബി ആര്‍ അംബേദ്കറെ കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് തമിഴ് സൂപ്പര്‍ താരവും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റുമായ വിജയ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലായിരുന്നു വിമര്‍ശനം. ചില വ്യക്തികള്‍ക്ക് അംബേദ്കറിന്റെ പേരിനോട് 'അലര്‍ജിയുണ്ടാകാം' എന്നാണ് വിമര്‍ശനം.
അംബേദ്കറുടെ പൈതൃകം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് പ്രത്യാശയുടെ വെളിച്ചമാണെന്നും സാമൂഹിക അനീതിക്കെതിരായ ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണെന്നും വിജയ് ഊന്നിപ്പറഞ്ഞു.'അംബേദ്കര്‍... അംബേദ്കര്‍... അംബേദ്കര്‍... നമുക്ക് ഹൃദയത്തിലും ചുണ്ടുകളിലും സന്തോഷത്തോടെ അദ്ദേഹത്തിന്റെ നാമം ജപിച്ചുകൊണ്ടേയിരിക്കാം,' എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.വടക്കന്‍ തമിഴ്നാട്ടിലെ വിക്രവണ്ടിയില്‍ നടന്ന പാര്‍ട്ടിയുടെ ആദ്യ റാലിയില്‍ ടി.വി.കെയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാക്കളില്‍ ഒരാളായി അംബേദ്കറെ വിജയ് പരാമര്‍ശിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശം വ്യാപക വിമര്‍ശനത്തിനാണ് ഇടയാക്കിയത്.ഇന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ച പ്രതിപക്ഷ പ്രതിഷേധം പാര്‍ലമെന്റിന് പുറത്തേക്ക് വ്യാപിക്കുകയാണ്. ആഭ്യന്തരമന്ത്രി മാപ്പു പറയണമെന്നും രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ഭരണഘടന രൂപീകരിച്ചപ്പോള്‍ അതിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചവരാണ് സംഘപരിവാറെന്നും പ്രതിപക്ഷം ആരോപിച്ചു. നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് പ്രതിഷേധം. 370ാം അനുച്ഛേദം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നയങ്ങളോടുള്ള വിയോജിപ്പ് മൂലമാണ് നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭയില്‍ നിന്ന് അംബേദ്കറിന് രാജിവയ്ക്കേണ്ടി വന്നതെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.