ക്വാറി ഉടമയില്‍ നിന്ന് കൈക്കൂലി; സിപിഎം ജില്ലാ കമ്മിറ്റി അംഗവും മൈനിങ് കോര്‍പറേഷന്‍ ചെയര്‍മാനുമായ മടവൂര്‍ അനിലിനെതിരെ അന്വേഷണം

ആനത്തലവട്ടം ആനന്ദന്‍ ഇടപെട്ടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പരാതി നല്‍കിയത്

Update: 2022-03-20 09:49 GMT

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും മൈനിങ് കോര്‍പറേഷന്‍ ചെയര്‍മാനുമായ മടവൂര്‍ അനിലിനെതിരെ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചു. ക്വാറി ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന പാര്‍ട്ടി അംഗത്തിന്റെ പരാതിയിലാണ് നടപടി. അനില്‍ ക്വാറി ഉടമകളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന് കിളിമാനൂര്‍ ഏരിയ കമ്മിറ്റിക്കാണ് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. മുന്നംഗ കമീഷന്‍ അന്വേഷിച്ച് റിപോര്‍ട്ട് നല്‍കും.

നഗരൂര്‍ കടവിളയില്‍ വിഴിഞ്ഞം പോര്‍ട്ട് നിര്‍മ്മാണത്തിന് അദാനി കമ്പനിക്ക് വേണ്ടി പാറ ഖനനം നടത്തുന്ന ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലെ ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരനാണ് പരാതിക്കാരനായ രഞ്ജിത്ത് ഭാസി. തൊഴിലാളികള്‍ക്ക് കിലോമീറ്ററിന് നാല് രൂപ അമ്പത് പൈസ നിരക്കിലാണ് ലോഡ് കയറ്റി വിടുന്നത്. ചില വാഹനങ്ങള്‍ക്ക് അഞ്ച് രൂപ ഇരുപ്പത്തിയഞ്ച് പൈസയാണ് ഈടാക്കുന്നത്. കൂടുതല്‍ ഈടാക്കുന്നത് പാര്‍ട്ടിക്കുള്ള കമ്മീഷനായി എടുക്കുന്നുവെന്നാണ് പരാതി.

ആനത്തലവട്ടം ആനന്ദന്‍ ഇടപെട്ടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പരാതി നല്‍കിയത്. സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കുന്ന സമയത്താണ് കമ്മീഷന്‍ രൂപീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് നല്‍കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബിപി മുരളിയാണ് കമ്മീഷന്‍ കണ്‍വീനര്‍. വി ജോയി എംഎല്‍എ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ രാമു എന്നിവരാണ് കമ്മീഷനിലെ മറ്റംഗങ്ങള്‍. 

Tags:    

Similar News