പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാനുള്ള നീക്കവുമായി ബ്രിട്ടന്‍
രാജ്യത്തിന്റെ പുതിയ പാരിസ്ഥിതിക നയത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം അടുത്തയാഴ്ച നടക്കും.
ലണ്ടന്‍: 2030 മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാനുള്ള നീക്കവുമായി ബ്രിട്ടന്‍. ഇത് സംബന്ധിച്ച അടുത്തയാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപനം നടത്തുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മുന്‍പ് 2040ഓടെ നിരോധനം നടപ്പിലാക്കാനാണ് തീരുമാനിച്ചിരുന്നത്.
രാജ്യത്തിന്റെ പുതിയ പാരിസ്ഥിതിക നയത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം അടുത്തയാഴ്ച നടക്കും. പെട്രോള്‍ ഡീസല്‍ കാറുകളുടെ വില്പന നിരോധനം സബന്ധിച്ച പ്രഖ്യാപനം അപ്പോഴുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പ്രകൃതിക്ക് ദോഷം വരുത്തുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, പുതിയ പെട്രോള്‍ ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് നിരോധിക്കാന്‍ 2040 മുതലാണ് ബ്രിട്ടണ്‍ ആദ്യം പദ്ധതിയിട്ടത്. എന്നാല്‍, കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി അത് 2035 ആയി മാറ്റി. നിലവില്‍ ബ്രിട്ടണില്‍ കാര്‍ വില്‍പ്പനയുടെ 73.6 ശതമാനം പെട്രോള്‍- ഡീസല്‍ വാഹനങ്ങളാണെന്ന് കണക്കുകള്‍. 5.5 ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങള്‍.