റോഹിന്‍ഗ്യരുടെ രോദനത്തില്‍ നിന്ന് ലോകത്തിന് മുഖം തിരിക്കാനാവില്ലെന്ന് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി
ലണ്ടന്‍: റോഹിന്‍ഗ്യരുടെ രോദനത്തില്‍ നിന്ന് ലോകത്തിന് മുഖം തിരിക്കാനാവില്ലെന്ന് ബ്രിട്ടിഷ് വിദേശ കാര്യ സെക്രട്ടറി ഡൊമനിക് റാബ്. റോഹിന്‍ഗ്യന്‍ അഭയര്‍ത്ഥി പ്രശ്‌നവും പ്രകൃതി ദുരന്തവും കൊവിഡ് മഹാമാരിയും പരിഹരിക്കുന്നതിനുവേണ്ടി 62 ദശലക്ഷം ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മ്യാന്‍മറിലെ വംശീയ ഉന്മൂലനത്തിന് നേതൃത്വം വഹിച്ച രണ്ട് ജനറല്‍മാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ബ്രിട്ടന്റെ പുതിയ നീക്കം. യുഎന്‍ സ്വതന്ത്ര അന്വേഷകരാണ് ജനറല്‍മാരുടെ പങ്ക് വെളിച്ചത്തുകൊണ്ടുവന്നത്.
2017 നു ശേഷം ഭരണകൂടം തന്നെ അഴിച്ചുവിട്ട വംശീയ ഉന്മൂലനത്തെ തുടര്‍ന്ന്് ലക്ഷക്കണക്കിനു റോഹിന്‍ഗ്യര്‍ക്കാണ് രാജ്യം വിടേണ്ടിവന്നത്. അതില്‍ പലരും അയല്‍രാജ്യങ്ങളില്‍ അഭയാര്‍ത്ഥി ജീവിതം നയിക്കുന്നു. നിരവധി പേര്‍ പലായനത്തിനിടയില്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശിലും നിരവധി പേര്‍ അഭയാര്‍ത്ഥികളായുണ്ട്.
ഇപ്പോള്‍ അനുവദിക്കുന്ന പണം റോഹിന്‍ഗ്യര്‍ക്ക് ഭക്ഷണം, താമസം, വെള്ളം, സാനിറ്റേഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക്് ഉപയോഗിക്കാം. ഒരു ഭാഗം പലായനകാലത്ത് നേരിടേണ്ടിവന്ന മാനസികപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കൗണ്‍സിലിങ്ങിനും ഉപയോഗിക്കാം. 50,000 പേരുടെ വിദ്യാഭ്യാസത്തിനുളള തുകയും സഹായധനത്തിലുണ്ട്.
ഇതോടെ റോഹിന്‍ഗ്യന്‍ പ്രശ്‌നത്തില്‍ ബ്രിട്ടന്റെ ധനസഹായം 262 ദശലക്ഷം ഡോളറായി. ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ ക്യാമ്പില്‍ 8,60,000 റോഹിന്‍ഗ്യരാണ് പാര്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ ജീവിക്കുന്നതും ബംഗ്ലാദേശിലാണ്.
'കോക്‌സ് ബസാറിലെ അഭയാര്‍ത്ഥി ക്യാമ്പിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഓര്‍ക്കാന്‍ പോലുമാവാത്തതാണ്. വംശീയ ഉന്മൂലനത്തിന്റെ ഇരകളാണ് അവര്‍. ആ ക്രൂരത ചെയ്തവര്‍ക്കെതിരേ ബ്രിട്ടന്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ അനുവദിക്കുന്ന ഫണ്ട് ക്യാമ്പുകളിലെ റോഹിന്‍ഗ്യരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കും. കൊവിഡും പ്രളയവും പോലുള്ള മഹാദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നവരും ഇവരാണ്' - റാബ് പറഞ്ഞു. റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളില്‍ നിന്ന് മുഖം തിരിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ ധനസമാഹരണത്തിനായി യുഎസ്, യൂറോപ്യന്‍ യൂണിയന്‍, യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി, യുഎന്‍എച്ച്സിആര്‍ എന്നിവയ്ക്കൊപ്പം ബ്രിട്ടന്‍ ഒരു അന്താരാഷ്ട്ര കോണ്‍ഫറന്‍സ് വിളിച്ചുചേര്‍ത്തിരുന്നു.