മീഡിയാ വണ്‍ ചാനലിന് സംപ്രേഷണവിലക്ക്; പ്രതിപക്ഷം ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി

Update: 2022-02-02 06:58 GMT

ന്യൂഡല്‍ഹി; മീഡിയാ വണ്‍ മലയാളം ചാനലിന് സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി.

എന്‍കെ പ്രമേചന്ദ്രന്‍, ഇ ടി മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, തമിഴ്‌നാട്ടില്‍നിന്നുള്ള നവാസ് കനി എന്നിവരാണ് നോട്ടിസ് നല്‍കിയത്.ഭരണഘടന നല്‍കുന്ന സംരക്ഷണത്തിന് എതിരാണ് ചാനലിന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് നോട്ടിസില്‍ പറയുന്നത്.

മീഡിയാ വണ്‍ ചാനലിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് രണ്ട് ദിവസത്തേക്ക് കേരള ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ചാനല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെത്തുടര്‍ന്നാണ് രണ്ട് ദിവസത്തേക്ക് ഉത്തരവ് മരവിപ്പിച്ചത്. ഹരജി ഇന്ന് വീണ്ടും പരിഗണിക്കും.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രണ്ട് ദിവസം മുമ്പ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ചാനലിന് നിരോധനമേര്‍പ്പെടുത്തിയത്. മുമ്പ് ഡല്‍ഹി വംശീയാതിക്രമ വാര്‍ത്തയുമായി ബന്ധപ്പെട്ട് സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ വംശീയാതിക്രമ വാര്‍ത്ത സംപ്രേക്ഷണം ചെയ്തതിന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ 48 മണിക്കൂര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 2020 മാര്‍ച്ച് 4, 5 തിയ്യതികളിലായിരുന്നു നേരത്തെ വിലക്കേര്‍പ്പെടുത്തിയത്.

Tags:    

Similar News