കടുത്ത സാമ്പത്തിക പ്രതിസന്ധി; ശമ്പളം നല്‍കാന്‍ 1000 കോടി കടമെടുക്കാന്‍ ഒരുങ്ങി എച്ച്എഎല്‍

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 1000 കോടി കടമെടുക്കാന്‍ ഒരുങ്ങുകയാണ് സ്ഥാപനം. പുതിയ കരാറുകള്‍ ലഭിക്കാത്തതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്.

Update: 2019-01-05 10:50 GMT
ബെംഗളൂരു:പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപോര്‍ട്ട്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 1000 കോടി കടമെടുക്കാന്‍ ഒരുങ്ങുകയാണ് സ്ഥാപനം. പുതിയ കരാറുകള്‍ ലഭിക്കാത്തതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. സാമ്പത്തിക സുസ്ഥിരത തകര്‍ന്നു. 1000 കോടിയോളം കടം വാങ്ങേണ്ട സ്ഥിതിയാണ്. മാര്‍ച്ച് 31 ആകുന്നതോടെ കടം 6000 കോടി കവിയും.ദിവസേനെയുള്ള ചിലവുകള്‍ക്ക് കടം വാങ്ങേണ്ട അവസ്ഥ സംജാതമാകുമെന്നും എച്ച്എഎല്‍ ചീഫ് മാനേജിങ് ഡയറക്ടര്‍ ആര്‍ മാധവനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. നിലവില്‍ 1950 കോടി മാത്രമേ കടമെടുക്കാന്‍ സാധിക്കു. ഇത് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാപനം.വ്യോമസേന 2017 സെപ്തംബര്‍ മുതല്‍ പണം നല്‍കാത്തതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്.15700 കോടിയോളമാണ് എച്ച്എഎല്ലിന് വിവിധ സേനകളില്‍ നിന്ന് ലഭിക്കാനുണ്ട്. വ്യോമസേനമാത്രം 14,500 കോടി നല്‍കാനുണ്ട്. ഇതര സേനകളും സ്ഥാപനത്തിന് കോടികള്‍ നല്‍കാനുണ്ട്.

പ്രതിരോധ മന്ത്രാലയം സായുധ സേനകള്‍ക്ക് അനുവദിക്കുന്ന ബജറ്റ് അനുസരിച്ചാണ് എച്ച്എഎല്ലിന്റെ നിലനില്‍പ്പ്. നല്ല ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനി ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്ര വലിയ പ്രതിസന്ധി നേരിടുന്നതെന്നും ആര്‍ മാധവന്‍ വ്യക്തമാക്കി.

Tags:    

Similar News