ചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം

Update: 2024-12-23 00:41 GMT

തിരുവനന്തപുരം: കാസര്‍കോട് ചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രദേശത്ത് 105 ഏക്കര്‍ സ്ഥലം കണ്ടെത്തി നല്‍കിയാല്‍ അനുമതി നല്‍കാമെന്നാണ് കേന്ദ്ര വൈദ്യുതി മന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ആണവനിലയം സ്ഥാപിക്കുകയാണ് പോംവഴിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ.കൃഷ്ണന്‍കുട്ടി എന്നിവരെ കേന്ദ്രമന്ത്രി അറിയിച്ചത്. ഊര്‍ജ നഗരകാര്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ നിര്‍ദേശം


ആണവനിലയം സ്ഥാപിക്കാന്‍ തൃശൂരിലെ അതിരപ്പിള്ളിയിലും ചീമേനിയിലും സ്ഥലം കണ്ടെത്തിയിരുന്നു. എന്നാല്‍, അതിരപ്പിള്ളിയില്‍ വലിയ ടൂറിസം പദ്ധതി നടപ്പാക്കാന്‍ പോകുകയാണെന്ന് യോഗത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ആണവനിലയം സ്ഥാപിച്ചാല്‍ ഒന്നര കിലോമീറ്റര്‍ ബഫര്‍ സോണിനുള്ളില്‍ ടൂറിസം ഉള്‍പ്പെടെ വലിയ പദ്ധതികള്‍ പാടില്ലെന്നാണ് വ്യവസ്ഥ. അതിനാലാണ് കാസര്‍കോട് പരിഗണിക്കാന്‍ കേന്ദ്രമന്ത്രി നിര്‍ദേശം നല്‍കിയത്.

എന്നാല്‍, കേരളത്തിലെ തോറിയം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സംസ്ഥാനത്തിനു പുറത്തു നിലയം സ്ഥാപിക്കാന്‍ സഹായിക്കണമെന്നും അതില്‍നിന്നു കേരളത്തിന് അര്‍ഹമായ വൈദ്യുതി വിഹിതം അനുവദിക്കണമെന്നുമാണ് സംസ്ഥാന വൈദ്യുതി വകുപ്പ് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടത്.

അതേസമയം, കേരളം പോലെ ജനസാന്ദ്രത കൂടിയ ഗ്രാമങ്ങളില്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കം കോര്‍പറേറ്റ് കമ്പനികളുടെയും ഭരണകൂടത്തിന്റെയും ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണെന്ന് കൂടംകുളം ആണവനിലയ വിരുദ്ധ പ്രക്ഷോഭം നയിച്ച എസ് പി ഉദയകുമാര്‍ പറഞ്ഞു.


ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒട്ടും സുതാര്യമല്ലാതെ ജനങ്ങളുടെ മേല്‍ ആണവനിലയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചീമേനി വ്യാപാരി ഭവനില്‍ വിളിച്ചുചേര്‍ത്ത ബഹുജന കണ്‍വെന്‍ഷനില്‍ ഉദയകുമാര്‍ പറഞ്ഞു. ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എന്‍ സുബ്രഹ്മണ്യന്‍, കെ രാമചന്ദ്രന്‍, അഡ്വ. ടി വി രാജേന്ദ്രന്‍, എ ജയരാമന്‍, വി കെ രവീന്ദ്രന്‍, വിനോദ് രാമന്തളി, മുരളി, കെ രാജന്‍, ഉമേശന്‍, സുസ്മിത തുടങ്ങിയവര്‍ സംസാരിച്ചു.

Similar News