ബഫര്‍ സോണ്‍: സര്‍വേ ഫലം അന്തിമരേഖയല്ല; സര്‍ക്കാര്‍ നിലപാട് വളച്ചൊടിക്കാന്‍ ബോധപൂര്‍വ ശ്രമം- മുഖ്യമന്ത്രി

Update: 2022-12-18 14:57 GMT

തിരുവനന്തപുരം: ബഫര്‍ സോണുമായി ബന്ധപ്പെട്ട ജനവാസ കേന്ദ്രങ്ങളിലുള്ളവര്‍ക്ക് പീഡയനുഭവിക്കാതെ സൈ്വരജീവിതം തുടരാന്‍ കഴിയണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, ബഫര്‍ സോണിന്റെ പേരില്‍ വിവേചനമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡിസംബര്‍ 18 മുതല്‍ 21 വരെ നടത്തുന്ന സംസ്ഥാന കേരളോത്സവത്തിന്റെ കലാമല്‍സരങ്ങള്‍ കണ്ണൂര്‍ പോലിസ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ബഫര്‍ സോണ്‍ സംബന്ധിച്ച് സുപ്രിംകോടതിയുടെ ഉത്തരവ് എങ്ങിനെ ബാധിക്കുമെന്നത് ജനതാല്‍പര്യം മുന്‍നിര്‍ത്തി കോടതിയില്‍ പറയാനും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും സര്‍ക്കാര്‍ തയ്യാറായി. നേരത്തെ കോടതി ഉത്തരവിന്റെ ഭാഗമായി ഒരു റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ടായിരുന്നു. അത് വേഗത്തിലാക്കാനാണ് ഉപഗ്രഹ സര്‍വേ നടത്തിയത്. സദുദ്ദേശം മാത്രമാണതിന് പിന്നില്‍ ഉപഗ്രഹ സര്‍വെയില്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പെട്ടിട്ടില്ലെന്ന ബോധ്യത്തെത്തുടര്‍ന്ന് സര്‍വേ ഫലം അന്തിമരേഖയല്ലെന്ന നിലപാടെടുത്തു.

പ്രാദേശിക പ്രത്യേകതകള്‍ പഠിക്കാന്‍ ജസ്റ്റിസ് തോട്ടത്തില്‍ അധിപനായി വിദഗ്ധസമിതിയെ നിയോഗിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിവരങ്ങള്‍ വാര്‍ഡടിസ്ഥാനത്തില്‍ രേഖപ്പെടുത്താന്‍ അവസരം നല്‍കി. ഇങ്ങനെ റിപ്പോര്‍ട്ട് കുറ്റമറ്റതാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. എന്നാല്‍, ഇതൊന്നുമല്ല നടക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. വ്യക്തമായ ഉദ്ദേശങ്ങളാണതിന് പിന്നില്‍. ഇത് തിരിച്ചറിയാന്‍ കഴിയണം. നാടിന്റേയും ജനങ്ങളുടെയു താല്‍പര്യം സംരക്ഷിക്കാന്‍ എല്ലാവരുടേയും പിന്തുണ വേണം മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News