ബുള്‍ഡോസര്‍ ഫാഷിസം

Update: 2022-05-03 06:37 GMT

പ്രഫ. പി കോയ

കോഴിക്കോട്: തീവ്രദേശീയതയിലൂടെയും അപരവല്‍ക്കരണത്തിലൂടെയും മുസ് ലിംസൂഹത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളെക്കുറിച്ചാണ് പ്രഫ. പി കോയ ഈ ഫേസ് ബുക്ക് പോസ്റ്റില്‍ എഴുതുന്നത്. ജഹാംഗീര്‍പുരിയില്‍ ബുള്‍ഗോസര്‍ പ്രയോഗത്തിലൂടെ നൂറുകണക്കിനുപേരെ തെരുവിലേക്ക് വലിച്ചെറിയുക മാത്രമല്ല, സര്‍ക്കാര്‍ ചെയ്തത് അതിനെ പ്രതിരോധിച്ചവരെ കുറ്റവാളികളാക്കി ജയിലിലടക്കുകയും ചെയ്തു.

പോസ്റ്റിന്റെ പൂര്‍ണരൂപം

സര്‍വാധിപത്യം ഉണ്ടാവുമെന്നതിനെക്കുറിച്ച് ഏറ്റവും വസ്തുനിഷ്ഠമായ പഠനം നടത്തിയ ഹന്നാ അറന്റ് ജനക്കൂട്ടത്തിനു അതിന്റെ സ്ഥാപനത്തിന്നുള്ള പങ്ക് എടുത്തു പറയുന്നുണ്ട്. ജനക്കൂട്ടവും മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ വെമ്പലുള്ള വിശിഷ്ടവര്‍ഗ്ഗവുമാണ് തീവ്രദേശീയതയുടെയും അപരവല്‍ക്കരണത്തിന്റെയും തട്ടുപൊളിപ്പന്‍ ആഹ്വാനങ്ങളില്‍ ആകൃഷ്ടരാവുന്നത്. അപ്പോള്‍ അവര്‍ യുക്തി സ്വിച്ച് ഓഫ് ചെയ്യുന്നു. രാഷ്ട്രം നേരിടുന്ന എല്ലാ അപചയങ്ങള്‍ക്കും കാരണം തബ്‌ലീഗുകാരാണെന്ന് തെരുവുഗുണ്ടകള്‍ പ്രചരിപ്പിക്കുമ്പോള്‍ അവരത് വിശ്വസിക്കും. ഹലാല്‍ എന്നാല്‍ ഭക്ഷണത്തില്‍ തുപ്പുന്നതാണെന്ന് കരുതുന്ന എത്ര ശുംഭന്‍മാര്‍ എത്രയോ കാണും!

രാമനവമിഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ പെട്ടെന്ന് അക്രമത്തിലേക്ക് തിരിയുന്നത് നിരീക്ഷിച്ചാല്‍ വലിയ ശബ്ദഘോഷങ്ങളുള്ള പ്രചാരവേലയുടെ സ്വഭാവം മനസ്സിലാക്കാനാവും. എല്ലായിടത്തും ഒരേ പോലെയായിരുന്നു പരിപാടികള്‍. ഉയര്‍ന്ന് ശബ്ദത്തിലുള്ള സംഗീതം, ബാന്റടി, പ്രകോപനമുളവാക്കുന്ന മുദ്രാവാക്യങ്ങള്‍, മാന്യതയില്ലാത്ത ലൈംഗികത ഒലിച്ചിറങ്ങുന്ന പ്രയോഗങ്ങള്‍, പള്ളികളുടെ മുകളില്‍ സ്ഥാപിക്കാനുള്ള കൊടികള്‍, കാവിനിറമുള്ള വസ്ത്രം. ഇപ്രാവശ്യം അത് ബുള്‍ഡോസര്‍ ഫാഷിസം എന്ന ലേബല്‍ കൂടി അടിച്ചെടുക്കുന്നവിധം അക്രമാസക്തമായി മുസ്‌ലിംകളുടെ കൊച്ചുവീടുകള്‍ നിയമവിരുദ്ധനിര്‍മ്മാണം എന്ന പേരില്‍ ബുള്‍ഡോസര്‍ തച്ചു തകര്‍ത്തു. മധ്യപ്രദേശില്‍ മിതവാദിയുടെ വസ്ത്രം ധരിച്ചുവരാറുള്ള മുഖ്യമന്ത്രി ശിവ്‌രാജ് ചൗഹാന്‍ ബുള്‍ഡോസറുകള്‍ തങ്ങളുടെ ഒറ്റമുറി വീടുകള്‍ തകര്‍ക്കുന്നതിനെതിരെ അലമുറയിട്ട് കരഞ്ഞ നൂറുകണക്കിന് പരമദരിദ്രരെ കലാപകാരികള്‍ എന്നാണ് വിളിച്ചത്. ഖാര്‍േഖാ ണില്‍ അവരുടെ വീടുകളില്‍ പലതും പ്രധാനമന്ത്രി ആവാസ് യോജനയില്‍ നിന്നു ലഭിച്ച ചെറിയ സഹായം കൊണ്ട് പണിതതായിരുന്നു. കുറ്റവാളികളില്‍ കുറേകാലമായി ജയിലില്‍ കഴിയുന്ന ഒരവനുമുണ്ടായിരുന്നു. കല്ലെറിഞ്ഞവന്‍ എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്ത വസീം ശെയ്ഖിനു ഒരപകടത്തില്‍ പെട്ടു രണ്ടു കയ്യും നഷ്ട്‌പെട്ടിരുന്നു. അഞ്ചംഗങ്ങളുളള കുടുംബത്തെ വസീം എങ്ങിനെ പോറ്റുന്നുവെന്ന് പോലീസിന്നറിയില്ല.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നേരിട്ട് ഉത്തരവ് വിട്ടപ്പോഴാണ് ജഹാംഗീര്‍പുരിയിലെ ബുള്‍ഡോസറുകള്‍ നശീകരണം തല്‍ക്കാലം നിര്‍ത്തിയത്. ഒരു ബുള്‍ഡോസറിനു മുമ്പില്‍ കോടതിയുത്തരവുമായി അക്ഷോഭ്യയായി നിന്ന സിപിഎം നേതാവ് വൃന്ദാകാരാട്ട് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയുടെ ഉജ്ജ്വലപ്രതീകമാണെന്ന് കരുതാം. ജഹാംഗീര്‍പുരിയില്‍ ഓടകളുടെ തൊട്ട് പണിത കൊച്ചുകൂരകള്‍ തകര്‍ക്കുന്നതിന് മുന്‍കയ്യെടുത്തെ മഹാന്മാരില്‍ പലരും സൈനിക് ഫാമിലും ഗോള്‍ഫ് ലിങ്ക്‌സിലും മറ്റിടങ്ങളിലും നിയമവിരുദ്ധമായി പണിത രമ്യഹര്‍മങ്ങള്‍ക്കു നേരെ ബുള്‍ഡോസറുമായി ആരും കുതിച്ചുചെല്ലില്ല. .ഇതുകൊണ്ടാവണം കഴിഞ്ഞ കുറെ വര്ഷങ്ങളായി ജീവഭയം കാരണം ചില കൊളനികളിലേക്ക് താമസം മാറ്റുന്നത്. (ഈ പ്രവണത മുമ്പ് യൂറോപില്‍ കണ്ടിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ യഹൂദകോളനി നശിപ്പിക്കാനാണ് പോളണ്ടിന്റെ തലസ്ഥാനമായ വര്‍സയില്‍ എത്തിയ നാത്സികള്‍ മുന്‍കയ്യെടുത്തത്. അതിന്നവരെ സഹായിക്കാന്‍ റോമന്‍ കത്തോലിക്കരായ പോളണ്ടുകാര്‍ ആവേശത്തോടെ മുന്നോട്ടുവന്നു).

ഡല്‍ഹിയില്‍ ബിജെപി നിയന്ത്രണത്തിലുള്ള നഗരസഭകള്‍ നഗരവികസനത്തില്‍ കാണിക്കുന്ന വിവേചനം കാണണമെങ്കില്‍ ഓഖ്‌ലയിലും ശാഹീന്‍ബാഗിലും ചെന്നാല്‍ മതി. ചേരിവല്‍ക്കരണം തന്നെ പരോക്ഷമായി ഹിന്ദുത്വ അധീശവര്‍ഗ്ഗം ആഗ്രഹിക്കുന്നതാണ്. അതിന്റെ കൂടുതല്‍ വ്യവസ്ഥാപിതമായ പദ്ധതികളാണ് ഉത്തരേന്ത്യയില്‍ നടക്കുന്നത്.

ചേരിപ്രദേശങ്ങള്‍ നശിപ്പിച്ചു നഗരം സുന്ദരമാക്കാന്‍ പാവപ്പെട്ടവരുടെ ദേഹത്തിലേക്ക് ബുള്‍ഡോസര്‍ കയറ്റുന്നത് ബിജെപിക്ക് മാത്രമുള്ള രീതിയെന്ന് കരുതേണ്ട. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഡല്‍ഹി ഭരണമേറ്റെടുത്ത പൊന്നോമനപുത്രന്‍ സഞ്ജയ് തുര്‍ക്ക്‌മെന്‍ഗേറ്റ് പ്രദേശത്തു നടത്തിയ നശീകരണം ഇന്ത്യയുടെ ചരിത്രത്തില്‍ മറക്കാത്ത ദുരന്തമായി മാറി. അന്ന് സഞ്ജയിന്റെ വലംകയ്യായിരുന്ന ലഫ്.ഗവര്‍ണര്‍ ജഗ്‌മോഹന്‍(കശ്മീരിലെത്തിയപ്പോള്‍ അയാള്‍ ആദ്യം ചെയ്തത് കശ്മീരി പണ്ഡിറ്റുകളെ വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്)തുര്‍ക്ക്മാന്‍ഗേറ്റ് നശീകരണത്തിന്റെ ഇരകള്‍ നഗരത്തിലെ മുസ്‌ലിം ഗല്ലികളിലേക്ക് താമസം മാറ്റിയപ്പോള്‍ ജഗ്‌മോഹന്‍ ചോദിച്ചത് വീണ്ടുമൊരു പാക്കിസ്താനുണ്ടാക്കുന്നതിനാണോ നാം പാക്കിസ്താനെ നശിപ്പിച്ചത് എന്നാണ്.

Full View

Similar News