ഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി അനുവദിച്ച് സുപ്രിംകോടതി

Update: 2024-12-22 12:05 GMT

ന്യൂഡല്‍ഹി: യുഎസില്‍ ബിസിനസുള്ള ഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം വേണമെന്ന ഭാര്യയുടെ ആവശ്യം സുപ്രിംകോടതി തള്ളി. ഭര്‍ത്താവിന്റെ വിവാഹമോചന ഹരജി അംഗീകരിച്ച കോടതി 12 കോടി രൂപ ഭാര്യക്ക് ജീവനാംശമായി നല്‍കാനും നിര്‍ദേശിച്ചു. കോടതി ചെലവായി മൂന്നു ലക്ഷം രൂപ വേറെയും നല്‍കണം.

കൊവിഡ് കാലത്ത് ഒരു മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ പൂനെ സ്വദേശിയും യുഎസിലെ വിര്‍ജീനിയയില്‍ വലിയ ഐടി കമ്പനി നടത്തുന്നയാളുമായ മധ്യവയസ്‌കന്‍ 2021 ജൂലൈയിലാണ് വിവാഹം കഴിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു അത്. ആദ്യമാസങ്ങളില്‍ ബന്ധം വളരെ നന്നായാണ് മുന്നോട്ടു പോയത്. ഭാര്യക്ക് 87 പവന്‍ സ്വര്‍ണവും മറ്റു ആഭരണങ്ങളും നല്‍കിയ ഭര്‍ത്താവ് ഒരു കോടിയില്‍ അധികം രൂപ ഫിക്‌സഡ് ഡെപോസിറ്റായി ഇട്ടു നല്‍കുകയും ചെയ്തു. കൂടാതെ പൂനെയില്‍ ഒരു ഫ്ളാറ്റും വാങ്ങി നല്‍കി.

യുഎസിലെ വിര്‍ജീനിയയില്‍ സ്വന്തമായി ഐടി കമ്പനി നടത്തുന്ന ഭര്‍ത്താവിന് യുഎസ് പൗരത്വവുമുണ്ട്. ബിസിനസില്‍ ബിരുദമുള്ള യുവതി നാച്ചുറോപതിയും പഠിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യ 12 ലക്ഷം രൂപ ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഒരു കോടിയില്‍ അധികം രൂപ ബാങ്കിലുണ്ടായിട്ടും പിന്നെയും പണം ചോദിച്ചത് ഭര്‍ത്താവിന് ഇഷ്ടപ്പെട്ടില്ല. ആവശ്യത്തെ ചോദ്യം ചെയ്തതോടെ ഭാര്യ കുടുംബകോടതിയില്‍ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കി.

ഈ കേസില്‍ ഭര്‍ത്താവ് ഒരു മാസം ജയിലില്‍ കിടന്നു. ആദ്യബന്ധത്തിലെ മകനും 85 വയസുള്ള പിതാവും അമ്മായിയുടെ മകനും വിവിധകേസുകളില്‍ പ്രതിയായി. ഭര്‍ത്താവിന്റെ ആദ്യഭാര്യക്കെതിരേയും പരാതിയുണ്ടായി. തുടര്‍ന്ന് ഭര്‍ത്താവ് വിവാഹമോചന ഹരജിയുമായി പൂനെ കുടുംബകോടതിയെ സമീപിക്കുകയായിരുന്നു.

ഭാര്യക്ക് 10 കോടി രൂപ നല്‍കണമെന്നായിരുന്നു പൂനെ കുടുംബകോടതിയുടെ നിര്‍ദേശം. ഇതിനെ ചോദ്യം ചെയ്ത് ഭാര്യയാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഭര്‍ത്താവ് യുഎസിലെ ആദ്യഭാര്യയെ വിവാഹമോചനം ചെയ്തപ്പോള്‍ സ്വത്തിന്റെ പകുതി നല്‍കിയെന്നും തനിക്കും പകുതി വേണമെന്നുമാണ് ഭാര്യ ആവശ്യപ്പെട്ടത്. ഭര്‍ത്താവിന് 5,000 കോടി രൂപയുടെ ആസ്തിയുണ്ടെന്നും ഭാര്യ ചൂണ്ടിക്കാട്ടി. അതിനാല്‍ 500 കോടി രൂപയും ഭര്‍ത്താവിന്റെ പിതാവിന്റെ പേരിലുള്ള ബംഗ്ലാവും വേണമെന്നും ആവശ്യമുയര്‍ന്നു.

ഇതെല്ലാം ഭര്‍ത്താവ് നിഷേധിച്ചതോടെ ബന്ധത്തില്‍ തുടരാന്‍ തയ്യാറാണെന്ന് യുവതി കോടതിയെ അറിയിച്ചു. എന്നാല്‍, വിവാഹമോചനമെന്ന ആവശ്യത്തില്‍ നിന്ന് ഭര്‍ത്താവ് പിന്‍മാറിയില്ല. കോടിക്കണക്കിന് രൂപയുടെ പണവും സ്വത്തും ഇപ്പോഴേ ഭാര്യയുടെ പേരിലുണ്ടെന്നും പരമാവധി 40 ലക്ഷം രൂപ മാത്രമേ നല്‍കൂയെന്നും ഭര്‍ത്താവും വാദിച്ചു. നിരവധി ഫ് ളാറ്റുകള്‍ വാടകയ്ക്ക് കൊടുത്തിരിക്കുന്ന ഭാര്യക്ക് പ്രതിമാസം വലിയൊരു തുക വാടകയായി ലഭിക്കുന്നുണ്ടെന്നും ഭര്‍ത്താവ് ചൂണ്ടിക്കാട്ടി. ഇതിന്റെയെല്ലാം രേഖകളും സമര്‍പ്പിച്ചു.

ആദ്യഭാര്യയും ഭര്‍ത്താവും തമ്മില്‍ പത്തൊമ്പത് വര്‍ഷത്തെ ബന്ധമുണ്ടായിരുന്നുവെന്നും അതില്‍ രണ്ട് കുട്ടികള്‍ ജനിച്ചിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ അവര്‍ വിവാഹം കഴിച്ചതും വിവാഹമോചനം നേടിയതും യുഎസിലെ നിയമപ്രകാരമാണ്. വിവാഹബന്ധം തുടരുന്ന കാലത്താണ് ഭര്‍ത്താവ് സ്വത്തെല്ലാം ഉണ്ടാക്കിയതും. അതിനാല്‍, രണ്ടാം ഭാര്യക്ക് ഈ ആനുകൂല്യങ്ങളൊന്നും നല്‍കേണ്ടതില്ലെന്ന് സുപ്രിംകോടതി വിധിച്ചു. ഭാര്യ ഇയാള്‍ക്കും കുടുംബത്തിനും എതിരേ നല്‍കിയ എല്ലാ കേസുകളും കോടതി റദ്ദാക്കുകയും ചെയ്തു.

Similar News