യുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)

ചെങ്കടലില്‍ സ്വന്തം യുദ്ധവിമാനം അറിയാതെ വെടിവച്ചിട്ടെന്നാണ് രാവിലെ യുഎസ് സൈന്യം അവകാശപ്പെട്ടിരുന്നത്.

Update: 2024-12-22 14:52 GMT

സന്‍ആ: ചെങ്കടലില്‍ യുഎസിന്റെ എഫ്-18 യുദ്ധവിമാനം വെടിവച്ചിട്ടത് യെമനിലെ ഹൂത്തികള്‍. യെമന് നേരെ ആക്രമണം നടത്തുകയായിരുന്ന യുഎസ്എസ് ഹാരി ട്രൂമാന്‍ പടക്കപ്പലിനെയും അതിന്റെ ബോട്ടുകള്‍ അടക്കമുള്ള അക്രമണ സംവിധാനങ്ങളെയും യെമന്‍ വ്യോമസേന ആക്രമിച്ചെന്ന് അന്‍സാറുല്ലാ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഇതോടെ ഇന്ന് പുലര്‍ച്ചയിലെ ആക്രമണം യുഎസ് അവസാനിപ്പിച്ചെന്നും യഹ്‌യാ സാരിയുടെ വീഡിയോ സന്ദേശം പറയുന്നു.

മൊത്തം എട്ട് ക്രൂയിസ് മിസൈലുകളും 17 ഡ്രോണുകളുമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഈ മിസൈലുകളെയും ഡ്രോണുകളെയും യുഎസ് ഡിസ്‌ട്രോയറുകള്‍ ആക്രമിക്കുന്ന സമയത്താണ് എഫ്-18 വിമാനത്തെ വെടിവച്ചിട്ടത്. യുഎസ്എസ് ഹാരി ട്രൂമാന്‍ പടക്കപ്പലിനെ ആക്രമിച്ചതോടെ ബാക്കി യുദ്ധവിമാനങ്ങള്‍ യെമന്റെ എയര്‍ സ്‌പേസില്‍ നിന്നും പുറത്തുപോയി. ഇതോടെ യെമന് നേരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതായി. ഇതിന് ശേഷം യുഎസ്എസ് ഹാരി ട്രൂമാന്‍ മറ്റൊരു സ്ഥലത്തേക്ക് മാറി. ഇപ്പോള്‍ വടക്കന്‍ ചെങ്കടലില്‍ എവിടെയോ ആണ് ഈ പടക്കപ്പലുള്ളത്. അമേരിക്കന്‍-ബ്രിട്ടീഷ് മണ്ടത്തരങ്ങളെ ഇനിയും നേരിടുമെന്നും യഹ്‌യാ സാരീ കൂട്ടിചേര്‍ത്തു.

ചെങ്കടലില്‍ സ്വന്തം യുദ്ധവിമാനം അറിയാതെ വെടിവച്ചിട്ടെന്നാണ് രാവിലെ യുഎസ് സൈന്യം അവകാശപ്പെട്ടിരുന്നത്. ഞായറാഴ്ച്ച ചെങ്കടലിന് മുകളിലാണ് സംഭവമെന്നു പറഞ്ഞ യുഎസ് എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ചിരുന്നില്ല. യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ പടക്കപ്പലിലെ യുഎസ്എസ് ഗെറ്റിസ്ബര്‍ഗ് എന്ന ഗൈഡഡ് മിസൈല്‍ ക്രൂയിസറാണ് എഫ്എ-18 വിമാനത്തെ തെറ്റി വെടിവെച്ചതെന്നു മാത്രമാണ് യുഎസ് പറഞ്ഞത്.

ഒരാഴ്ച്ച മുമ്പാണ് യുഎസ്എസ് ഗെറ്റിസ്ബര്‍ഗ് ചെങ്കടലില്‍ എത്തിയത്. ട്രൂമാന്‍ കരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായാണ് ഇത് എത്തിയത്. ഗസയില്‍ ഇസ്രായേല്‍ അധിനിവേശം തുടങ്ങിയതോടെ പ്രധാന യുദ്ധക്കപ്പലുകളെയെല്ലാം പ്രദേശത്തേക്ക് യുഎസ് എത്തിച്ചിട്ടുണ്ട്. ഹൂത്തികള്‍ ഇസ്രായേലി ബന്ധമുള്ള കപ്പലുകളെ ആക്രമിക്കാന്‍ തുടങ്ങിയതോടെ കൂടുതല്‍ സൈനികരെയും എത്തിച്ചു.

യഹ്‌യാ സാരിയുടെ വീഡിയോ സന്ദേശം(അറബിക്)

Similar News