മലയാളി വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് മധ്യപ്രദേശില്‍ തലകീഴായി മറിഞ്ഞു; നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

Update: 2023-02-19 01:45 GMT

ഭോപാല്‍: മലയാളി വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വിനോദയാത്രാ ബസ് മധ്യപ്രദേശിലെ റായ്പുര മേഖലയില്‍ കൊക്കയിലേക്ക് മറിഞ്ഞു. ബസ്സിലുണ്ടായിരുന്ന 35 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. തൃശൂര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജിയോളജി ബിരുദ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 60 വിദ്യാര്‍ഥികളുടെ സംഘം രണ്ട് ബസ്സുകളിലാണ് സഞ്ചരിച്ചിരുന്നത്. ഇതില്‍ ഒരു ബസ് കട്‌നി മേഖലയില്‍ വച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ കട്‌നി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ജബല്‍പൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിദ്യാര്‍ഥികള്‍ ട്രെയിനില്‍ സാഗറില്‍ ഇറങ്ങുകയും തുടര്‍ന്ന് ബസ്സില്‍ കട്‌നിയിലേക്ക് പോവുകയായിരുന്നു. അപകടത്തില്‍പ്പെട്ട മലയാളി വിദ്യാര്‍ഥികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. റെപുരയിലെ ജമുനിയ വളവിന് സമീപത്തുവച്ചാണ് ബസ് മറിഞ്ഞത്. ബസ്സിന്റെ ക്ലീനര്‍ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ റെപുരയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ കട്‌നിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Tags:    

Similar News