അമൃത്‌സര്‍: പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാല ഹോസ്റ്റലില്‍ മലയാളി വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പഗ്വാരയിലെ ജലന്ധര്‍ ലവ്‌ലി പ്രഫഷനല്‍ യൂനിവേഴ്‌സിറ്റിയിലെ (എല്‍പിയു) വിദ്യാര്‍ഥിയായ ചേര്‍ത്തല സ്വദേശി അഗ്‌നി എസ് ദിലീപാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയില്‍ നാലാം നമ്പര്‍ ഹോസ്റ്റല്‍ സി ബ്ലോക്കിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ബിടെക് ഡിസൈന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അഖിന്‍. BH 4, C ബ്ലോക്കിലെ മൂന്നാം നിലയിലെ ഹോസ്റ്റല്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. അഗ്‌നി ആത്മഹത്യ ചെയ്തതാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
ഹോസ്റ്റല്‍ മുറി അധികൃതര്‍ സീല്‍ ചെയ്തിരിക്കുകയാണ്. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് ആത്മഹത്യയെന്നാണ് കുറിപ്പിലുള്ളതെന്ന് ഫഗ്വാര പോലിസ് പറഞ്ഞു. ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയായ അഖിന്റെ മരണത്തില്‍ സര്‍വകലാശാല അധികൃതര്‍ ഒളിച്ചുകളി നടത്തുകയാണെന്ന് ആരോപിച്ച് വിദ്യാര്‍ഥി സംഘടനകള്‍ രാത്രിയില്‍ വന്‍ പ്രതിഷേധമാണ് സംഘടിപ്പിച്ചത്.
ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് ലാത്തി വീശി. വിദ്യാര്‍ഥികളെ നീക്കം ചെയ്തതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പോലിസ് പറയുന്നു. കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിച്ചു. അവരിന്നെത്തും. അവരുടെ മൊഴിയനുസരിച്ച് മുന്നോട്ടുപോവും- ഫഗ്വാര പോലിസ് സൂപ്രണ്ട് മുഖ്തിയാര്‍ റായ് പറഞ്ഞു. കൂടുതല്‍ പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് സര്‍വകലാശാല കാംപസില്‍ കനത്ത പോലിസ് വിന്യാസം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വകലാശാലയില്‍ നാലായിരത്തോളം മലയാളി വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.