അമരാവതി: മന്ത്രിസഭാ പുനസ്സംഘടനയുടെ മുന്നോടിയായി ആന്ധ്രപ്രദേശ് സംസ്ഥാന മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും രാജിസമര്‍പ്പിച്ചു. ഇന്ന് ഉച്ചക്ക് ശേഷം കൂടിയ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. മുഖ്യമന്ത്രി വൈഎസ് ജഗ മോഹന്‍ റെഡ്ഢിയെ കൂടാതെ മന്ത്രിസഭയില്‍ ആകെ 24 മന്ത്രിമാരാണ് ഉള്ളത്. മന്ത്രിമാര്‍ മുഖ്യമന്ത്രിക്കാണ് രാജിക്കത്ത് നല്‍കിയത്.
പുതിയ മന്ത്രിമാര്‍ ഏപ്രില്‍ 11ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുക്കും. 2024 നിയമസഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ടാണ് മന്ത്രിസഭയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. മന്ത്രിസഭയിലെ 19 പേരെങ്കിലും വരാനിരിക്കുന്ന മന്ത്രിസഭാ പുനസ്സംഘടനയില്‍ പുറത്തുപോകാന്‍ സാധ്യതയുണ്ട്.
പുതിയ മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട്. മന്ത്രിമാരുടെ പേരുകള്‍ 9ാം തിയ്യതിയോടെ പുറത്തുവിടും.
നാല് പേര്‍ മന്ത്രിസഭയില്‍ തുടര്‍ന്നും ഇടംപിടിക്കും. ഏപ്രില്‍ 9ന് മന്ത്രിമാരുടെ അന്തിമപട്ടിക ഗവര്‍ണര്‍ ബിശ്വഭൂഷന്‍ ഹരിചന്ദ്രന് സമര്‍പ്പിക്കും.
ഇപ്പോഴത്തെ മന്ത്രിസഭയില്‍ 5 ഉപമുഖ്യമന്ത്രിമാരുണ്ട്. അടുത്ത മന്ത്രിസഭയില്‍ പുതിയ അഞ്ച് പേരെ ഉള്‍പ്പെടുത്തും. ജാതി സമവാക്യങ്ങള്‍ സുരക്ഷിതമാക്കാനാണ് ഇത്. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക, ന്യൂനപക്ഷ, കാപു സമുദായം എന്നി വിഭാഗങ്ങളില്‍നിന്നുള്ളവരായിരിക്കും ഉപമുഖ്യമന്ത്രിമാര്‍.
ഇപ്പോഴത്തെ മന്ത്രിസഭയില്‍ 11 പേര്‍ സവര്‍ണ ജാതികളില്‍നിന്നാണ്. അതില്‍ നാല് പേര്‍ റെഡ്ഡി സമുദായമാണ്. ഏഴ് പേര്‍ ഒബിസി, അഞ്ച് പേര്‍ എസ് സി, ഓരോ എസ്ടിയും മുസ് ലിം സമുദായക്കാരനും.