മന്ത്രിസഭ പുനസംഘടന: മന്ത്രിപദവിക്കായി കേരളാ കോൺഗ്രസ്(ബി) അണിയറനീക്കം തുടങ്ങി

പാര്‍ട്ടിയുടെ ഏക എംഎല്‍എ കെ ബി ഗണേഷ് കുമാറിനെ മന്ത്രിസഭയിലെത്തിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. മന്ത്രിസഭയില്‍ അഴിച്ച് പണി നടത്തി പുതുമുഖങ്ങളെ ഉള്‍പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

Update: 2019-12-04 07:38 GMT

തിരുവനന്തപുരം: പിണറായി സർക്കാരിൽ മന്ത്രിപദവിക്കായി  കേരളാ കോണ്‍ഗ്രസ്സ് (ബി) അണിയറ നീക്കം തുടങ്ങി. മന്ത്രിസഭ പുനസംഘടിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ്, കേരളാ കോണ്‍ഗ്രസ്സ് ബി മന്ത്രിസഭയില്‍ ഇടം നേടാന്‍ നീക്കം നടത്തുന്നത്.

പാര്‍ട്ടിയുടെ ഏക എംഎല്‍എ കെ ബി ഗണേഷ് കുമാറിനെ മന്ത്രിസഭയിലെത്തിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. മന്ത്രിസഭയില്‍ അഴിച്ച് പണി നടത്തി പുതുമുഖങ്ങളെ ഉള്‍പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സിപിഎം മന്ത്രിമാര്‍ മാത്രമേ മാറാന്‍ സാധ്യതയുള്ളൂവെന്നാണ് സൂചന. മന്ത്രിസഭാ പുനസംഘടനയുണ്ടായാല്‍ ഘടക കക്ഷികളെ ഉള്‍പെടുത്താന്‍ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ കേരളാ കോണ്‍ഗ്രസ് ബി യുടെ സാധ്യത മുഖ്യമന്ത്രിയുടെ തീരുമാനത്തെ അനുസരിച്ചിരിക്കും.

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിസഭയുടെ പുന:സംഘടനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇടഞ്ഞ് നില്‍ക്കുന്ന എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പെടുത്തണമെന്ന നിലപാടിലാണ് സിപിഎമ്മിലെ ഒരുവിഭാഗം നേതാക്കള്‍. എന്തായാലും മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് സിപിഎം നേതൃത്വം ഇതുവരെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

Tags:    

Similar News