ജാര്‍ഖണ്ഡില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചു: 2 മരണം; 48 പേര്‍ റോപ് വേയില്‍ കുടുങ്ങി

Update: 2022-04-11 06:43 GMT
ജാര്‍ഖണ്ഡില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചു: 2 മരണം; 48 പേര്‍ റോപ് വേയില്‍ കുടുങ്ങി

റാഞ്ചി: ജാര്‍ഖണ്ഡില്‍ ദിയോഘര്‍ ജില്ലയിലെ ബാബ ഭാഗ്യനാഥ് ക്ഷേത്രത്തിനു സമീപത്തുള്ള  ത്രികുട്ട് മലയില്‍ പ്രവര്‍ത്തിക്കുന്ന കേബിള്‍ കാറുകള്‍ പരസ്പരം കൂട്ടിയിടിച്ചു. അപകടത്തില്‍ ചുരുങ്ങിയത് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ലഭിച്ച വിവരമനുസരിച്ച് 12 കാബിനുകളിലായി 48 പേര്‍ റോപ് വേയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുന്നു. 

സാങ്കേതികപ്രശ്‌നം മൂലമാണ് കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. യഥാര്‍ത്ഥ കാരണം വ്യക്തമല്ല. 

സംഭവം നടന്നശേഷം റോപ് വേ മാനേജരും തൊഴിലാളികളും ഒളിവില്‍ പോയി.

ദേശീയ ദുരുന്തനിവാരണ സേനയുടെ ഒരു ടീം രംഗത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ജില്ലാ ഭരണകൂടവും പോലിസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ സ്ഥലത്തെത്തി.

പ്രദേശവാസികളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. റോപ് വേയില്‍ കുടുങ്ങിക്കിടക്കുന്നവരെ താഴെയിറക്കാന്‍ ശ്രമം തുടങ്ങി. ചിലരെ താഴെയിറക്കി. എല്ലാവരും സന്ദര്‍ശകരാണ്.

കേന്ദ്ര മന്ത്രി അമിത്ഷായെയും ജാര്‍ഖണ്ഡ് ചീഫ് സെക്രട്ടറിയെയും ബന്ധപ്പെട്ട് എന്‍ഡിആര്‍എഫ് ടീമിനെ അയക്കാന്‍ അപേക്ഷിച്ചിരുന്നതായി ഗോഡ്ഡ എംപി നിഷികാന്ത് ദുബെ പറഞ്ഞു.

രാജ്യത്തെ ഏറ്റവും ഉയരമുള്ള റോപ് വേയാണ് ത്രികുട്ട് . 

766 മീറ്റര്‍ നീളത്തിലും 392 മീറ്റര്‍ ഉയരത്തിലുമാണ് റോപ് വേ പ്രവര്‍ത്തിക്കുന്നത്. ആകെ 25 കാബിനുകളുണ്ട്. ഒരു കാബിനില്‍ 4 പേര്‍ക്ക് ഇരിക്കാന്‍ കഴിയും. 

Tags:    

Similar News