പള്ളിവികാരിയെ തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ച കേസ്; പള്ളി കമ്മിറ്റി മുന്‍ അംഗത്തിന് തടവുശിക്ഷ
മാവേലിക്കര കുറത്തികാട് ജറുശലേം മാര്‍ത്തോമാ പള്ളി വികാരിയായിരുന്ന രാജി ഈപ്പനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സോണിവില്ലയില്‍ തോമസിനെ (മോഹനന്‍-59) ആണ് മാവേലിക്കര അസി. സെഷന്‍സ് കോടതി ശിക്ഷിച്ചത്.
ആലപ്പുഴ: പള്ളിവികാരിയെ തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പള്ളി കമ്മിറ്റി മുന്‍ അംഗത്തെ രണ്ടു വര്‍ഷവും ഒരു മാസവും തടവിന് ശിക്ഷിച്ച് കോടതി. മാവേലിക്കര കുറത്തികാട് ജറുശലേം മാര്‍ത്തോമാ പള്ളി വികാരിയായിരുന്ന രാജി ഈപ്പനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സോണിവില്ലയില്‍ തോമസിനെ (മോഹനന്‍-59) ആണ് മാവേലിക്കര അസി. സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2016 മെയ് ആറിനാണ് കേസിനാസ്പദമായ സംഭവം.
വൈകീട്ട് പളളി കമ്മിറ്റി നടക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന തോമസ് തന്നെയാരും കമ്മിറ്റിക്ക് വിളിക്കുന്നില്ലെന്നും അവഗണിക്കുകയാണെന്നും പരാതി പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ പള്ളികമ്മിറ്റിക്ക് ശേഷം സംസാരിക്കാമെന്നാണ് രാജി ഈപ്പന്‍ തോമസിനോട് പറഞ്ഞത്. ഇതു കേട്ടയുടന്‍ അയാള്‍ പെട്രോള്‍ നിറച്ച കുപ്പി തുറന്ന് വികാരിയെ കടന്നു പിടിച്ച് ശരീരമാകെ പെട്രോള്‍ ഒഴിച്ചു. കയ്യിലുണ്ടായിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് ളോഹക്ക് തീപിടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വികാരി അവിടെനിന്ന് രക്ഷപെടുകയായിരുന്നു. കുറത്തികാട് പോലിസാണ് കേസെടുത്തത്. ഒന്‍പത് സാക്ഷികളുണ്ടായിരുന്ന കേസില്‍ ഒരാള്‍ വിചാരണ വേളയില്‍ മരിച്ചു. മറ്റ് എട്ട് പേരെ വിസ്തരിച്ചപ്പോള്‍ രണ്ടു പേര്‍ കൂറുമാറി.