സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസ്; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Update: 2023-08-01 11:28 GMT

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഒമ്പതുവര്‍ഷം കഠിനതടവും കാല്‍ലക്ഷം രൂപ വീതം പിഴയും. ചെറുപ്പറമ്പ് ചിറ്റാരിത്തോടുള്ള കെ എന്‍ രവീന്ദ്രനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് തലശ്ശേരി അഡീഷണല്‍ അസി. സെഷന്‍സ് ജഡ്ജി ആര്‍ കെ രമ ശിക്ഷ വിധിച്ചത്. 10 പ്രതികളുള്ള കേസില്‍ ആറുപേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു. പത്താംപ്രതി നരേന്ദ്രന്‍ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. ഒന്നാംപ്രതി ചെറുപ്പറമ്പിലെ മംഗലശ്ശേരി ജനീഷ് എന്ന ദിനേശന്‍(39), രണ്ടാംപ്രതി സെന്‍ട്രല്‍ പൊയിലൂരിലെ ചെമ്പ്രച്ചാലില്‍ ഷാജി (42), നാലാംപ്രതി പൊയിലൂര്‍ പുല്ലായിത്തോട് കണ്ട്യാക്കൂല്‍ ചാലില്‍ രാജന്‍(42) എന്നിവരെയാണ് ശിക്ഷിച്ചത്. പനയ്യിന്റവിട ജയേഷ്, കൊമ്പന്റവിട രമേശന്‍, കല്ലൂരിമ്മല്‍ വെങ്ങാട്ടേരി ബാലന്‍, ടി.പി. ഉത്തമന്‍, തരിശ്ശിയില്‍ രതീശന്‍, പാറേമ്മല്‍ ധനീഷ് എന്നിവരെയാണ് വെറുതേവിട്ടത്. വധശ്രമത്തിന് അഞ്ചുവര്‍ഷവും ദേഹോപദ്രവം ഏല്‍പ്പിച്ചതിന് രണ്ടുവര്‍ഷവും ലോറിക്ക് നാശം വരുത്തിയതിന് ആറുമാസവും ആയുധവുമായി സംഘം ചേര്‍ന്നതിന് ഒരുവര്‍ഷവും കഠിനതടവിനും ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചതിന് ആറുമാസം തടവിനുമാണ് ശിക്ഷിച്ചത്. 2008 ഡിസംബര്‍ 31ന് തൂവക്കുന്ന് കള്ള് ഷാപ്പില്‍വച്ചാണ് പ്രതികള്‍ രവീന്ദ്രനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി പ്രകാശന്‍ ഹാജരായി.

Tags:    

Similar News