കേരളത്തില്‍ ആക്രമണത്തിനു പദ്ധതിയിട്ടെന്ന കേസ്: യുവാവ് കുറ്റക്കാരനെന്ന് കോടതി

Update: 2024-02-07 09:09 GMT
കൊച്ചി: ഐഎസ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുക്കുകയും കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ട് ആരോപിക്കപ്പെടുകയും ചെയ്ത കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കറാണ് കുറ്റക്കാരനാണെന്ന് എന്‍ ഐഎ കോടതി കണ്ടെത്തിയത്. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ശിക്ഷാവിധിയില്‍ നാളെ വാദം നടക്കും. പ്രതിക്കെതിരേ ചുമത്തിയ യുഎപിഎ സെക്ഷന്‍ 38, 39 വകുപ്പുകളും ഐപിസി 120 ബി വകുപ്പും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഐഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക, തീവ്രസംഘടനയുടെ ആശയം പ്രചരിപ്പിക്കുക, ഗൂഢാലോചന എന്നിവയാണ് ചുമത്തിയ കുറ്റങ്ങള്‍. ചാവേറാക്രമണം നടത്താന്‍ സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കുന്നതിനിടെയെന്ന് ആരോപിച്ച് 2018 മെയ് 15നാണ് എൻഐഎ റിയാസ് അബൂബക്കറിനെ അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനില്‍ പോയി ഐഎസില്‍ ചേര്‍ന്നെന്ന് ആരോപിക്കപ്പെടുന്ന അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ നിര്‍ദേശ പ്രകാരമാണ് റിയാസ് അബുബക്കര്‍ ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് എന്‍ഐഎയുടെ വാദം. റിയാസിനോടൊപ്പം പിടികൂടിയ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസലും കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദീഖും പിന്നീട് കേസില്‍ മാപ്പ് സാക്ഷികളായി.
Tags:    

Similar News