മൂവാറ്റുപുഴ കേസ്: മൂന്നുപേര്‍ക്ക് ജീവപര്യന്തവും മൂന്നുപേര്‍ക്ക് മൂന്നുവര്‍ഷവും തടവ്
കൊച്ചി: മൂവാറ്റുപുഴയില്‍ പ്രവാചകനെ നിന്ദിച്ച അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കാണ് ജീവപര്യന്തം വിധിച്ചത്. ഒമ്പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി, മൊയ്തീന്‍, പന്ത്രണ്ടാം പ്രതി അയ്യൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവും വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കൊച്ചിയിലെ എന്‍ഐഎ കോടതി ജഡ്ജി അനില്‍ ഭാസ്‌കര്‍ വിധിച്ചു. പ്രവാചകനെ നിന്ദിച്ച് ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി ജെ ജോസഫിനെ ആക്രമിച്ചെന്ന കേസില്‍ രണ്ടാംഘട്ട വിചാരണയില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ആദ്യ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 13 പേരെ നേരത്തെ ശിക്ഷിച്ചിരുന്നു. ഇതിന് പുറമെയാണ് രണ്ടാം ഘട്ട ശിക്ഷാ വിധി പുറപ്പെടുവിച്ചത്. 2010 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആകെ 42 ഓളം പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരുന്നത്. ഇതില്‍ 2015ല്‍ ആദ്യഘട്ട വിധി പ്രസ്താവിച്ചിരുന്നു. അന്ന് 31 പേര്‍ വിചാരണ നേരിട്ടതില്‍ നിന്ന് 18 പേരെ വെറുതെവിടുകയും 10പേര്‍ക്ക് എട്ട് വര്‍ഷം തടവ് ശിക്ഷയും വിധിച്ചിരുന്നു. രണ്ടാംഘട്ട വിചാരണയില്‍ ആറുപേരെ കോടതി വെറുതെവിട്ടിരുന്നു.