ഇന്ത്യയെ തോല്‍പ്പിച്ച പാക് വിജയം ആഘോഷിക്കുന്നത് രാജ്യദ്രോഹമല്ല: സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത
ന്യൂഡല്‍ഹി: ടി 20 ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചത് ആഘോഷിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് മുന്‍ സുപ്രിംകോടതി ജഡ്ജി ദീപക് ഗുപ്ത. ദി വയറിലെ കരന്‍ താപറുമായുള്ള അഭിമുഖത്തിലാണ് ജസ്റ്റിസ് ഗുപ്തയുടെ പ്രതികരണം.
''ആഘോഷിക്കുന്നത് തീര്‍ച്ചയായും രാജ്യദ്രോഹമല്ല, രാജ്യദ്രോഹമാണെന്ന് കരുതുന്നത് പരഹാസ്യമാണ്. പൊതുജനങ്ങളുടെ പണവും വിഭവങ്ങളും ദുരുപയോഗം ചെയ്ത് കോടതിയില്‍ നിലനില്‍ക്കാത്ത ഇത്തരം കേസുകളെടുക്കുന്നതിനേക്കാള്‍ എന്തൊക്കെ കാര്യങ്ങളുണ്ടെന്നും'' അദ്ദേഹം ചോദിച്ചു. ഇത്തരം പ്രവൃത്തികള്‍ ചിലര്‍ക്ക് പ്രകോപനപരമായി തോന്നാമെങ്കിലും അതൊരു കുറ്റകൃത്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു കാര്യം നിയമപരമായേക്കാം. എന്നാല്‍ അത് നിയമവിരുദ്ധമാണെന്ന് പറയുന്നത് മറ്റൊരു കാര്യമാണ്. എല്ലാ നിയമപരമായ കാര്യങ്ങളും ചെയ്യുന്നത് നല്ലതായിരിക്കണമെന്നില്ല. എല്ലാ മോശം കാര്യങ്ങളും നിയമവിരുദ്ധമായിരിക്കണമെന്നുമില്ല. നാം നിയമവ്യവസ്ഥയ്ക്കുള്ളിലാണ് ജീവിക്കുന്നത്, അല്ലാതെ സദാചാര വ്യവസ്ഥയ്ക്കുള്ളിലല്ല. സദാചാരത്തിന് നമ്മുടെ സമൂഹത്തില്‍ വ്യത്യസ്തമായ അര്‍ത്ഥങ്ങളാണ് ഉള്ളത്. അതുപോലെത്തന്നെ വ്യത്യസ്ത മതങ്ങളിലും വ്യത്യസ്ത സമയങ്ങളിലും അര്‍ത്ഥങ്ങളില്‍ വ്യത്യാസം വരാമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യദ്രോഹം ഐപിസി 124 എ പ്രകാരം ഇന്ത്യയില്‍ കുറ്റകൃത്യമാണ്.
ബല്‍വന്ദ് സിങും പഞ്ചാബ് സര്‍ക്കരും തമ്മിലുണ്ടായ കേസും ജസ്റ്റിസ് ദീപക് ഗുപ്ത എടുത്തുപറഞ്ഞു. ക്രമസമാധാനലംഘനത്തിനുള്ള ആഹ്വാനമില്ലാതെ ഖാലിസ്ഥാന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് സുപ്രിംകോടതി ആ വിധിയില്‍ എടുത്തുപറഞ്ഞു.
രാജ്യദ്രോഹത്തെക്കുറിച്ചുള്ള വിവിധ വിധികളിലൂടെ മുഖ്യമന്ത്രിയുടെ ഓഫിസ് കടന്നുപോവുകയാണെങ്കില്‍ ഇത്തരമൊരു പ്രസ്താവന നടത്തരുതെന്ന് മുഖ്യമന്ത്രിയോട് ഉപദേശിക്കുമായിരുന്നു. സുപ്രസിദ്ധമായ ബല്‍വന്ദ് സിങ് കേസിനെക്കുറിച്ച് അവര്‍ക്ക് അറിയാമോ എന്നും അദ്ദേഹം അദ്ഭുതം പ്രകടിപ്പിച്ചു.
ഞാന്‍ അതിനെ പിന്തുണയ്ക്കുന്നില്ലെന്നതുകൊണ്ട് മറ്റൊരാള്‍ക്ക് മറുപക്ഷത്തെ പിന്തുണയ്ക്കാന്‍ പാടില്ലെന്നുണ്ടോ? നിരവധി ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ്, ആസ്‌ട്രേലിയന്‍ പൗരന്മാര്‍ ഇന്ത്യയുടെ ലോഡ്‌സിലെ വിജയം ആഘോഷിക്കാറുണ്ട്. അവരുടെ രാജ്യങ്ങളില്‍ അത് രാജ്യദ്രോഹക്കുറ്റമാക്കിയാല്‍ നമുക്ക് എന്താണ് തോന്നുക? അങ്ങനെ സംഭവിച്ചാല്‍ നാം മറ്റൊരു രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാജ്യദ്രോഹക്കുറ്റം തെറ്റായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യദ്രോഹത്തിന്റെ ഭരണഘടനാപരമായ സാധുത പരിശോധിക്കേണ്ട ഒരു ഘട്ടം വന്നിരിക്കുന്നു. ഈ നിയമം ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണോ അല്ലയോ എന്നത് പരിശോധിക്കാന്‍ സുപ്രിംകോടതിതന്നെ മുന്നിട്ടിറങ്ങണം. അത് സാധുതയുള്ളതാണെങ്കില്‍ത്തന്നെ അതിന്റെ പരിധികള്‍ നിശ്ചയിക്കണം.
ഒരു ജനാധിപത്യവ്യവസ്ഥയില്‍ ഇത്തരം നിയമങ്ങളുടെ സാധുതയെക്കുറിച്ച് നേരത്തെയും ജസ്റ്റിസ് ഗുപ്ത സംശയം പ്രകടിപ്പിച്ചിരുന്നു. സര്‍ക്കാരിനെ ചോദ്യം ചെയ്യുകയെന്നത് ജനാധിപത്യത്തിന്റെ അന്തസ്സത്തയാണ്. അതിനെ ഇല്ലാതാക്കുന്ന രാജ്യദ്രോഹനിയമം ഉടന്‍ റദ്ദാക്കണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഈ വര്‍ഷം ജൂലൈയില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയും സമാനമായ നിലപാട് മുന്നോട്ടുവച്ചിരുന്നു. സ്വാതന്ത്ര്യസമരത്തെ അടിച്ചൊതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നിയമം കൊണ്ടുവന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പിന്നീട് സുപ്രിംകോടതി ജഡ്ജിയായിരുന്ന റോഹിന്‍ടന്‍ നരിമാനും സമാനമായ അഭിപ്രായം പ്രകടിപ്പിക്കുകയും രാജ്യദ്രോഹവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഈ നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള നിരവധി ഹരജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.
സുപ്രിംകോടതി ഈ ഹരജിയില്‍ തീര്‍പ്പുകല്‍പ്പിക്കുമെന്ന് ജസ്റ്റിസ് ഗുപ്ത പ്രതീക്ഷ പ്രകടിപ്പിച്ചു.
പാകിസ്താന്റെ വിജയം ആഘോഷിച്ച ആഗ്രയിലെ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് പ്രഥമികമായി പോലും നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ ആഘോഷങ്ങളെക്കുറിച്ചല്ല താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗ്രയില്‍ പാകിസ്താന്‍ വിജയം ആഘോഷിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരേ ഐപിസിയിലെ 153 എ, 505(1)ബി, ഐ ടി നിയമത്തിലെ 66 എഫ് എന്നീ വകുപ്പുകളാണ് ചുമത്തിയത്. മതവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കുക, പൊതുജനസമാധാനത്തിന് ഭംഗംവരുത്തുക, സൈബര്‍ കുറ്റകൃത്യം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണ് അവ.
''ഇത് പരിഹാസ്യമായ ആരോപണമാണ്... അവര്‍ ഹിന്ദുമതത്തിനെതിരെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?''യെന്നും അദ്ദേഹം ചോദിച്ചു.
അവര്‍ വെറുതെ ആഘോഷിക്കുകയായിരുന്നെന്നും ആരെയും പ്രകോപിപ്പിക്കുകയോ ആരെയും ആക്രമിക്കുകയോ ആയിരുന്നില്ലെന്നും ഇവരുടെ പ്രവര്‍ത്തിയില്‍ ആര്‍ക്കെങ്കിലും പ്രകോപനം ഉണ്ടാവുകയും അവര്‍ ആക്രമിക്കുകയും ചെയ്യുകയാണെങ്കില്‍ തന്നെ അത് ഇവരുടെ ഉത്തരവാദിത്തമല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. പാകിസ്താന്റെ വിജയവുമായി ബന്ധപ്പെട്ട് ഈ കേസില്‍ ഒരു ട്വീറ്റോ കമന്റോ ഒന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ-പാക് ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം ആഘോഷങ്ങള്‍ നല്ലതല്ല. അങ്ങനെ ചെയ്യുന്നതും അത്ര ശരിയല്ല. പക്ഷേ, അത് ഒരു കാരണവശാലും കുറ്റകൃത്യമല്ല- ജസ്റ്റിസ് ഗുപ്ത വ്യക്തമാക്കി.