മഹാരാഷ്ട്രയിലെ കര്‍ഷകരെ കേന്ദ്രം അവഗണിക്കുന്നു: ജയറാം രമേശ്
എന്തുകൊണ്ടാണ് ഗുജറാത്തിലെ വെള്ള ഉള്ളി കര്‍ഷകര്‍ക്ക് മഹാരാഷ്ട്രയിലെ ഉള്ളി കര്‍ഷകരെക്കാള്‍ മുന്‍ഗണന നല്‍കിയത് എന്നായുരുന്നു ആദ്യ ചോദ്യം
ന്യൂഡല്‍ഹി: കേന്ദ്രം മുന്‍ഗണന നല്‍കിയത് ഗുജറാത്തില്‍ നിന്നുള്ള ഉള്ളി കര്‍ഷകര്‍ക്കെന്നും മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷകരെ അവഗണിച്ചെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. വനാവകാശത്തിന്റെ പേരില്‍ ആദിവാസികളെ വഞ്ചിച്ചെന്നും നാസിക്കിലെ സിവില്‍ തെരഞ്ഞെടുപ്പിനെ അവഗണിച്ചെന്നും ജയറാം രമേശ് ആരോപിച്ചു. എക്‌സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രധാനമായും മൂന്ന് ചോദ്യങ്ങളാണ് അദ്ദേഹം എക്‌സില്‍ പങ്കു വച്ചത്.
എന്തുകൊണ്ടാണ് ഗുജറാത്തിലെ വെള്ള ഉള്ളി കര്‍ഷകര്‍ക്ക് മഹാരാഷ്ട്രയിലെ ഉള്ളി കര്‍ഷകരെക്കാള്‍ മുന്‍ഗണന നല്‍കിയത് എന്നായുരുന്നു ആദ്യ ചോദ്യം. 2023 ഡിസംബര്‍ മുതല്‍ മഹാരാഷ്ട്രയിലെ ഉള്ളി കര്‍ഷകര്‍ ഉള്ളി കയറ്റുമതിയില്‍ മോദി സര്‍ക്കാരിന്റെ നിയന്ത്രണങ്ങളില്‍ പെട്ട് വലയുകയാണ്. കൃഷി സീസണില്‍ മഴയും ജല പ്രതിസന്ധിയും മൂലം മിക്ക കര്‍ഷകര്‍ക്കും അവരുടെ സാധാരണ വിളയുടെ 50% മാത്രമേ ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞുള്ളൂ. കര്‍ഷകര്‍ക്ക് കാര്യമായ നഷ്ടം സംഭവിച്ചു.ഗുജറാത്തില്‍ പ്രാഥമികമായി കൃഷി ചെയ്യുന്ന വെള്ള ഉള്ളിയുടെ കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇത് കൂടുതല്‍ തിരിച്ചടിയായി .പ്രധാനമായും ചുവന്നുള്ളി കൃഷി ചെയ്യുന്ന മഹാരാഷ്ട്രയിലെ കര്‍ഷകര്‍ മാസങ്ങളോളം പുറന്തള്ളപ്പെട്ടു. ഇന്നും ഉള്ളി കയറ്റുമതി നിരോധനം പിന്‍വലിച്ചെങ്കിലും കയറ്റുമതിയില്‍ 20% തീരുവ നിലവിലുണ്ട്.
എന്തുകൊണ്ടാണ് ബിജെപി മഹാരാഷ്ട്രയിലെ ആദിവാസികളുടെ വനാവകാശം ദുര്‍ബലപ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു.2006-ല്‍ കോണ്‍ഗ്രസ് വനാവകാശ നിയമം (എഫ്ആര്‍എ) പാസാക്കി, അത് ആദിവാസികള്‍ക്കും വനവാസികള്‍ക്കും അവരുടെ സ്വന്തം വനങ്ങള്‍ കൈകാര്യം ചെയ്യാനും അവര്‍ ശേഖരിക്കുന്ന വനവിഭവങ്ങളില്‍ നിന്ന് സാമ്പത്തികമായി നേട്ടമുണ്ടാക്കാനും നിയമപരമായ അവകാശങ്ങള്‍ അനുവദിച്ചു. എന്നാല്‍, ബി.ജെ.പി സര്‍ക്കാര്‍ എഫ് ആര്‍എ നടപ്പാക്കുന്നത് തടസ്സപ്പെടുത്തി, ദശലക്ഷക്കണക്കിന് ആദിവാസികളുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ മൂന്നാമത്തെ ചോദ്യം എന്തുകൊണ്ടാണ് മഹായുതി നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുപ്പ് നടത്താത്തത് എന്നായിരുന്നു.നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ മഹായുതി സര്‍ക്കാരിന്റെ പരാജയത്തെ ജനാധിപത്യത്തിനും നാസിക്കിലെ പൗരന്മാരുടെ അവകാശങ്ങള്‍ക്കും നേരെയുള്ള നഗ്‌നമായ ആക്രമണം എന്നാണ് അദ്ദേഹം പറഞ്ഞത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്ലാതെ, നാസിക്കിലെ പൗരന്മാര്‍ അവരുടെ ശബ്ദം കേള്‍ക്കാനും പരാതികള്‍ പരിഹരിക്കാനും പാടുപെടുകയാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു