ഹരജി പിന്‍വലിച്ചാല്‍ വായ്പയെടുക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം; പിന്‍വലിക്കില്ലെന്ന് കേരളം

Update: 2024-02-19 11:18 GMT
ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിക്കുകയാണെങ്കില്‍ കേരളത്തിന് 13,600 കോടി വായ്പയെടുക്കാന്‍ കൂടി അനുമതി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. എന്നാല്‍ ഹരജി പിന്‍വലിക്കില്ലെന്നും കേരളത്തിന് അര്‍ഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ ഹരജി സുപ്രിംകോടതി പരിഗണിക്കുമ്പോഴാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

വിഷയത്തില്‍ ചര്‍ച്ചയ്ക്ക് ഇനി കാര്യമില്ലെന്നും കേരളം സുപ്രിംകോടതിയില്‍ അറിയിച്ചു. അതേസമയം, ഇരുപക്ഷത്ത് നിന്നും രാഷ്ട്രീയമല്ല, ഗൗരവകരമായ ചര്‍ച്ചകളാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രിം കോടതി വ്യക്തമാക്കി. കേസ് പിന്‍വലിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്നും എങ്കില്‍ മാത്രമേ മറ്റു കാര്യങ്ങള്‍ പരിഗണിക്കാനാവൂ എന്നും കേന്ദ്രം പറഞ്ഞതായി കേരളം കോടതിയില്‍ അറിയിച്ചു. എന്നാല്‍ കേരളം ഉന്നയിക്കുന്നത് മുഴുവന്‍ ശരിയല്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. ചര്‍ച്ചകള്‍ തുടര്‍ന്നു കൂടെയെന്ന് ജസ്റ്റിസ് കെ വി വിശ്വനാഥന്‍ ആരാഞ്ഞപ്പോള്‍ ചര്‍ച്ചയ്ക്ക് ഇനി കാര്യമില്ലെന്നും അടിയന്തര ആവശ്യം കണക്കിലെടുക്കണമെന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം. തുടര്‍ന്ന് മാര്‍ച്ച് 6,7 തിയ്യതികളില്‍ വാദം കേള്‍ക്കാനായി ഹരജി മാറ്റി. വിഷയത്തില്‍ കോടതി തീരുമാനമെടുക്കുമെന്ന് അറിയിച്ചെങ്കിലും ഇതിനിടെ ചര്‍ച്ചയ്ക്ക് സാധ്യത ഉണ്ടെങ്കില്‍ നോക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.


Tags:    

Similar News