ദേശീയ പാതയിലെ ടോള്‍ പിരിവ് നിര്‍ത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; അഞ്ചുവര്‍ഷം കൊണ്ട് പിരിച്ചെടുത്തത് 1.39 ലക്ഷം കോടി രൂപ

Update: 2023-02-08 15:47 GMT

ന്യൂഡല്‍ഹി: ദേശീയപാതയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ടോള്‍ പിരിവ് മാറ്റമില്ലാതെ തുടരുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാജ്യസഭയില്‍ ഡോ. വി ശിവദാസന്റെ ചോദ്യത്തിന് മറുപടിയായി, 'നാഷനല്‍ ഹൈവേയ്‌സ് ഫീ (ഡിറ്റര്‍മിനേഷന്‍ ഓഫ് റേറ്റ്‌സ് ആന്‍ഡ് കലക്ഷന്‍) റൂള്‍സ് 2008 പ്രകാരം യൂസര്‍ ഫീ പിരിക്കുന്നത് അവസാനിപ്പിക്കാന്‍ വ്യവസ്ഥയില്ല' എന്നും 'റോഡ് നിര്‍മിക്കാനുള്ള മൂലധന ചെലവ് മൊത്തം വസൂലായാലും 40 ശതമാനം കുറവ് വരുത്തിക്കൊണ്ട് യൂസര്‍ ഫീ തുടരും' എന്നും മന്ത്രി വ്യക്തമാക്കി. അഞ്ചുവര്‍ഷം കൊണ്ട് 1.39 ലക്ഷം കോടി രൂപയാണ് കേന്ദ്രം ഇത്തരത്തില്‍ പിരിച്ചെടുത്തത്.

2017- 18 ല്‍ 21,761 കോടി ആയിരുന്ന ടോള്‍ പിരിവ് 2021-22 വരെ 34,742 കോടി ആയി ഉയര്‍ന്നു. 5 വര്‍ഷം കൊണ്ട് വര്‍ഷാവര്‍ഷം കേന്ദ്രം പിരിക്കുന്ന തുകയില്‍ 60 ശതമാനം വര്‍ധനയുണ്ടെന്നു ഇതില്‍ നിന്നും വ്യക്തമാണ്. 2017-18 (21,761 കോടി), 2018-19 (26,179 കോടി), 2019-20 (28,482 കോടി), 2020-21 (28,681 കോടി), 2021-22 (34,742 കോടി) എന്നിങ്ങനെയാണ് പിരിച്ച തുകകളെന്ന് മന്ത്രാലയം വെളിപ്പെടുത്തി. ജനങ്ങളെ പിഴിയുന്ന ദേശീയ പാതയിലെ ടോള്‍ തുടരുമെന്ന നിലപാട് ജനവിരുദ്ധമാണെന്ന് ഡോ. വി ശിവദാസന്‍ എംപി പറഞ്ഞു. ദേശീയ പാതയ്ക്ക് ഭൂമി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും പണം വാങ്ങിയതിനുശേഷവും ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര നടപടി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News