ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇതുവരെയും കൊവിഡ് 19 സാമൂഹിക പ്രസരണമുണ്ടായിട്ടില്ലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ ഉദ്ധരിച്ചുകൊണ്ടാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.
ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജല്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് തലസ്ഥാനത്ത് സാമൂഹികപ്രസരണമില്ലെന്ന് കേന്ദ്ര ഏജന്‍സി അറിയിച്ചത്.
''കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ നിലവില്‍ സാമൂഹിക പ്രസരണമില്ലെന്ന് അറിയിച്ചു. നിലവില്‍ അത് ചര്‍ച്ച ചെയ്യേണ്ടതുമില്ല''- ഉപമുഖ്യമന്ത്രി പറഞ്ഞു.
ഡല്‍ഹിയിലെ കൊവിഡ് രോഗവ്യാപനത്തെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തിരുന്നു. നിലവില്‍ രോഗം ഇരട്ടിക്കാനെടുക്കുന്ന സമയം ഡല്‍ഹിയില്‍ 12-13 ദിവസങ്ങളാണ്. അതനുസരിച്ച് ജൂണ്‍ 30 വരെ 15,000 കിടക്കകളും ജൂലൈ 15 വരെ 30,000 കിടക്കകളും ജൂലൈ 31 വരെ 80,000 കിടക്കകളും വേണ്ടിവരും.
നിലവിലെ കണക്കുകൂട്ടലനുസരിച്ച് ജൂലൈ 15 വരെ 45,000 കിടക്കകള്‍ വേണ്ടിവരും. ജൂണ്‍ 30 നുള്ളില്‍ 1 ലക്ഷം പേര്‍ക്ക് രോഗമുണ്ടായാല്‍ കിടക്കകള്‍ 6,600 എണ്ണം കൂടുതല്‍ വേണ്ടിവരും.
ജൂലൈ 15 വരെ 2.25 ലക്ഷം കൊവിഡ് കേസുകള്‍ റിപോര്‍ട്ട്് ചെയ്യാന്‍ സാധ്യതയുണ്ട്. ജൂലൈ 31 ന് അത് 5.5 ആയി മാറാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ സാമൂഹികപ്രസരണമില്ലെന്ന കാര്യം ഡല്‍ഹി എഐഐഎംഎസ് ഡയറക്ടര്‍ രന്‍ദീപ് ഗുലേരിയ അംഗീകരിച്ചതായി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. എന്നാല്‍ അത് പ്രഖ്യാപിക്കേണ്ടത് കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.