നിര്‍ഭയ കേസ്: ഐപിസി, സിആര്‍പിസി നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ക്ക് സൂചന നല്‍കി കേന്ദ്ര ആഭ്യന്തര സഹമന്ത്രി
നിര്‍ഭയ പ്രതികളെ തൂക്കിക്കൊന്ന വാര്‍ത്ത പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ന്യൂഡല്‍ഹി: നിര്‍ഭയ കേസിന്റെ വിധിയും വിധി നടപ്പാക്കാനുള്ള നിയമപോരാട്ടവും സിആര്‍പിസി, ഐപിസി നിയമങ്ങളില്‍ കാതലായ മാറ്റങ്ങളിലേക്ക് നയിക്കാന്‍ സാധ്യത. ഇന്ത്യയുടെ ഐപിസി, സിആര്‍പിസി നിയമത്തില്‍ കാര്യമായ പഴുതുകളുണ്ടെന്നും അത് പരിഹരിക്കുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കൃഷ്ണ റെഡ്ഢി സൂചന നല്‍കി. നിര്‍ഭയ പ്രതികളെ തൂക്കിക്കൊന്ന വാര്‍ത്ത പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ശിക്ഷാവിധികള്‍ വേഗത്തില്‍ നടപ്പാക്കുന്നതിനുള്ള മാറ്റങ്ങള്‍ നിയമത്തില്‍ കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. ''നിയമത്തിലെ പഴുതുകള്‍ നിര്‍ഭയ കേസ് പുറത്തുകൊണ്ടുവന്നു. ഇത്തരം കേസുകളില്‍ വേഗത്തില്‍ ശിക്ഷ നടപ്പാക്കണം. അത്തരത്തിലുള്ള മാറ്റങ്ങള്‍ ഐപിസിയിലും സിആര്‍പിസിയിലും വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്''
ബലാല്‍സംഗക്കേസുകളില്‍ ശിക്ഷ നടപ്പാക്കുന്നത് വൈകിക്കുന്നതിനുള്ള തന്ത്രങ്ങള്‍ പയറ്റുന്നത് അവസാനിപ്പിക്കാന്‍ ഗൈഡ്‌ലൈന്‍ കൊണ്ടുവരണമെന്ന് സുപ്രിം കോടതിയോട് അപേക്ഷിക്കുമെന്ന് നിര്‍ഭയയുടെ മാതാവ് ആഷ ദേവി പറഞ്ഞിരുന്നു. ഒരു കേസില്‍ ഒന്നില്‍ കൂടുതല്‍ പ്രതികളുണ്ടെങ്കില്‍ അവരുടെ ദയാഹരജിയും തിരുത്തല്‍ ഹരജിയും ഒന്നിച്ചുതന്നെ ഫയല്‍ ചെയ്യണമെന്നും ഉത്തരവിടാന്‍ കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു. അതേ ചുവടു പിടിട്ടാണ് ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും നീക്കം.
മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷയാണ് ഇന്ന് പുലര്‍ച്ചെ കൃത്യം അഞ്ചരയ്ക്ക് നടപ്പാക്കിയത്.
2012 ഡിസംബര്‍ 16ന് ദില്ലിയിലാണ് നിര്‍ഭയ എന്ന് മാധ്യമങ്ങള്‍ പേരിട്ടുവിളിച്ച പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുന്നത്. കേസില്‍ ഒന്നാം പ്രതി ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ അറിയിച്ചത്. മറ്റൊരു പ്രതി മൂന്ന് വര്‍ഷത്തെ തടവ്ശിക്ഷയ്ക്കു ശേഷം മോചിതനായി.