നിര്‍ഭയ കേസ്: വീണ്ടും ദയാഹരജിയുമായി അക്ഷയ് കുമാര്‍; മുകേഷ് സിങ്ങിന്റെ ഹരജി ഡല്‍ഹി കോടതി തള്ളി
അക്ഷയ്കുമാറിന്റെ ദയാഹരജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. ഈ ദയാഹരജിയും ഡല്‍ഹി സര്‍ക്കാര്‍ മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറുമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: നിര്‍ഭയ ബലാല്‍സംഗകേസ് പ്രതി അക്ഷയ് കുമാര്‍ രാഷ്ട്രപതിക്ക് വീണ്ടും ദയാഹരജി നല്‍കി. വെള്ളിയാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് അക്ഷയ്കുമാര്‍ ഹരജിയുമായി രണ്ടാംതവണ രാഷ്ട്രപതിയെ സമീപിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടയാണ് ഇയാള്‍ വീണ്ടും ദയാഹരജി സമര്‍പ്പിച്ചതെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. അക്ഷയ്കുമാറിന്റെ ദയാഹരജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. ഈ ദയാഹരജിയും ഡല്‍ഹി സര്‍ക്കാര്‍ മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറുമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ, വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ് നല്‍കിയ ഹരജി ഡല്‍ഹി കോടതി തള്ളി. കൊലപാതകം നടന്ന സമയം താന്‍ ഡല്‍ഹിയിലുണ്ടായിരുന്നില്ലെന്നും അതിനാല്‍ വധശിക്ഷ റദ്ദാക്കണമെന്നുമായിരുന്നു മുകേഷ് സിങ് ഹരജിയില്‍ ആവശ്യപ്പെട്ടത്. രാജസ്ഥാനില്‍നിന്നാണ് മുകേഷ് സിങ്ങിനെ അറസ്റ്റ് ചെയ്തത്. 2012 ഡിസംബര്‍ 17നാണ് ഇയാളെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്. കുറ്റകൃത്യം നടക്കുന്ന ഡിസംബര്‍ 16ന് താന്‍ ഡല്‍ഹിയിലുണ്ടായിരുന്നില്ലെന്ന് ഹരജിയില്‍ പറയുന്നു. ജയിലില്‍ താന്‍ പീഡിപ്പിക്കപ്പെട്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, മുകേഷ് സിങ്ങിന്റെ വാദം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണ തള്ളി. അതേസമയം, ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള പ്രതിയുടെ തന്ത്രമാണ് പുതിയ ഹരജിയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. മാര്‍ച്ച് 20 ന് രാവിലെ 5.30ന് നിര്‍ഭയ കേസിലെ നാലുപ്രതികളെയും തൂക്കിലേറ്റാനിരിക്കെയാണ് പ്രതി പുതിയ ഹരജി നല്‍കിയത്. മാര്‍ച്ച് അഞ്ചിനാണ് വിചാരണ കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്. മുകേഷ് സിങ്ങിനു പുറമേ പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവരാണ് വധശിക്ഷ കാത്തുകഴിയുന്നത്.