ഛണ്ഡീഗഢ് സര്‍വകലാശാലയിലെ വാഷ് റൂം വീഡിയോ ചോര്‍ന്ന സംഭവം: വിദ്യാര്‍ത്ഥിനിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത സൈനികന്‍ അറസ്റ്റില്‍
ഛണ്ഡീഗഢ്: മൊഹാലിയിലെ ചണ്ഡീഗഡ് സര്‍വകലാശാലയിലെ ഹോസ്റ്റല്‍ വാഷ്‌റൂമിലെ വീഡിയോ റെക്കോര്‍ഡ് ചെയ്ത സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയെ ബ്ലാക്ക് മെയില്‍ ചെയ്ത സൈനികനെ പഞ്ചാബ് പോലിസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച അരുണാചല്‍ പ്രദേശില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനിയും ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള രണ്ട് പുരുഷന്മാരും ഇതിനകം അറസ്റ്റിലായിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച വീഡിയോ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം പുറത്തുവന്നതിന് പിന്നാലെ ഛണ്ഡീഗഢിന് 20 കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ സര്‍വ്വകലാശാലയുടെ കാമ്പസില്‍ വന്‍ പ്രതിഷേധം നടന്നിരുന്നു.
അറസ്റ്റിലായ മറ്റ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങളില്‍ നിന്ന് ശേഖരിച്ച ഫോറന്‍സിക്, ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ സൈനികന്‍ സഞ്ജീവ് സിംഗിനെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പോലിസ് മേധാവി ഗൗരവ് യാദവ് പറഞ്ഞു. അസമില്‍ നിന്നുള്ള പോലിസുകാര്‍ക്ക് പുറമെ സൈന്യവും അന്വേഷണത്തില്‍ സഹായിച്ചു.
മറ്റ് പെണ്‍കുട്ടികളുടെ വീഡിയോകള്‍ പ്രചരിക്കുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പോലിസ് നിഷേധിച്ചു. അറസ്റ്റിലായ പെണ്‍കുട്ടി സ്വന്തം വീഡിയോ മാത്രമാണ് സുഹൃത്തിന് അയച്ചതെന്ന് പോലിസ് പറഞ്ഞു. വീഡിയോകള്‍ റെക്കോര്‍ഡുചെയ്യാനും അയക്കാനും അറസ്റ്റിലായവര്‍ ബ്ലാക്‌മെയില്‍ ചെയ്തിട്ടുണ്ടോയെന്ന് പോലിസ് അന്വേഷിക്കുന്നുണ്ട്.
എഎപി ഈ വിഷയം ഗൗരവത്തിലെടുത്തിട്ടില്ലെന്ന ആരോപണം പുറത്തുവന്നതോടെ മുഖ്യമന്ത്രി ഭഗവന്ത് മാന്‍ മൂന്ന് വനിതകള്‍ മാത്രമുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
അരുണാചലിലെ സെലാ പാസില്‍ നിന്നാണ് സൈനികനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇപ്പോള്‍ മൊഹാലിയിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് ഡിജിപി പറഞ്ഞു.