ചന്ദ്രിക കള്ളപ്പണക്കേസ്: എം കെ മുനീറിനെ ഇഡി ചോദ്യം ചെയ്തു
നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക പത്രത്തിന്റെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി വെളുപ്പിച്ചെന്നാണ് പരാതി
കോഴിക്കോട്: ചന്ദ്രിക കള്ളപ്പണ കേസില്‍ മുസ്‌ലിം ലീഗ് എം കെ മുനീറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. കള്ളപ്പണം വെളിപ്പിക്കുന്നത് സംബന്ധിച്ച് എം കെ മുനീറിന് അറിവുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൊഴിയെടുക്കല്‍ നടന്നത്. ചന്ദ്രിക പത്രത്തിന്റെ ഡയറക്ടര്‍ ആണ് എം കെ മുനീര്‍. ചോദ്യംചെയ്യല്‍ ഒരു മണിക്കൂര്‍ നീണ്ടു എന്നാണ് വിവരം.
നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക പത്രത്തിന്റെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി വെളുപ്പിച്ചെന്നാണ് പരാതി. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണമാണ് നോട്ട് നിരോധന കാലയളവില്‍ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവില്‍ വെളുപ്പിച്ചതെന്നാണ് കേസിലെ പ്രധാന ആരോപണം. അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച പണം ഉപയോഗിച്ച് പാണക്കാട് കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമി ഇടപാട് നടത്തിയെന്നും ആരോപണമുണ്ട്. എന്നാല്‍, കള്ളപ്പണമാണ് വെളുപ്പിച്ചത് എന്ന ആരോപണം എം കെ മുനീര്‍ നിഷേധിച്ചു.
അക്കൗണ്ടില്‍ ഉണ്ടായത് പത്രത്തിന്റെ വാര്‍ഷിക വരിസംഖ്യ ആണെന്നായിരുന്നു എം കെ മുനീറിന്റെ മൊഴി. ദൈനംദിന കാര്യങ്ങളില്‍ പത്രത്തിന്റെ ഡയറക്ടറായ താന്‍ ഇടപെടാറില്ലെന്നും ഫിനാന്‍സ് മാനേജറാണ് ഇക്കാര്യം പരിശോധിക്കുന്നതെന്നും മുനീര്‍ മൊഴി നല്‍കി.