പോപുലര്‍ഫ്രണ്ട് നിരോധനം സ്വാഗതം ചെയ്തത് ഉറച്ച ബോധ്യത്തോടെ; താന്‍ പറഞ്ഞത് പിന്‍വലിച്ചെന്ന് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത് എന്തുകൊണ്ടെന്നറിയില്ലെന്നും എം കെ മുനീര്‍
വളരെ വ്യക്തതയോടെ ഉറച്ച ബോധ്യത്തോടെയാണ് അത് പറഞ്ഞതെന്നും പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടിനെ തള്ളി മുനീര്‍ വ്യക്തമാക്കി.
റിയാദ്: പോപുലര്‍ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞത് പിന്‍വലിച്ചെന്നും നിലപാട് മാറ്റിയെന്നും പാര്‍ട്ടി സെക്രട്ടറി പി എം എ സലാം പറഞ്ഞിട്ടുണ്ടോ എന്നറിയില്ലെന്നും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹം അങ്ങനെ പറയാന്‍ എന്താണ് സാഹചര്യം എന്താണെന്നറിയില്ലെന്നും ലീഗ് നേതാവ് എം കെ മുനീര്‍ എംഎല്‍എ. വളരെ വ്യക്തതയോടെ ഉറച്ച ബോധ്യത്തോടെയാണ് അത് പറഞ്ഞതെന്നും പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടിനെ തള്ളി മുനീര്‍ വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ട് നിരോധന വിഷയത്തില്‍ പാര്‍ട്ടിയില്‍ രണ്ടഭിപ്രായമില്ല. ഒറ്റ നിലപാടാണ്. സംസ്ഥാന പ്രസിഡന്റ് അത് വ്യക്തമാക്കിയിട്ടുണ്ട്. അത് തന്നെയാണ് താനും പറഞ്ഞതെന്നു അദ്ദേഹം പറഞ്ഞു.
അതേസമയം, തീവ്ര ചിന്താഗതിക്കാരെയും വര്‍ഗീയവാദികളെയും മുസ്‌ലിം ലീഗിന് വേണ്ടെന്നത് കൃത്യമായ നിലപാടാണ്.എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടില്‍പെട്ടുപോയ സാധാരണക്കാരായ ആളുകളുണ്ട്. അവരെ ആ ചിന്താഗതിയില്‍നിന്ന് രക്ഷിച്ചെടുക്കണം. അത്തരം ആളുകളെയാണ് കെ എം ഷാജി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത് എന്നാണ് താന്‍ കരുതുന്നത്. അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ റിയാദിലെത്തിയ അദ്ദേഹം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു.
കേന്ദ്രഭരണകൂടം പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനു പിന്നാലെ നിരോധനം സ്വാഗതം ചെയ്തു മുനീര്‍ മുന്നോട്ട് വന്നിരുന്നു.
എന്നാല്‍, പോപുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത് സംശയാസ്പദമെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം മുന്നോട്ട വന്നിരുന്നു. നിരോധനവുമായി ബന്ധപ്പെട്ട് ലീഗ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ല. നിരോധനം പുറത്തു വന്ന ഉടന്‍ ലീഗ് നേതാക്കള്‍ പലരും ആദ്യ പ്രതികരണം പറഞ്ഞിരുന്നു. എന്നാല്‍, കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം വളരെ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും പി.എം.എ.സലാം വ്യക്തമാക്കിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നിയമം എന്ന നിലയില്‍ നടപടിയെ അംഗീകരിക്കുന്നുണ്ട്. അതേസമയം തന്നെ നിരോധനത്തില്‍ സംശയവുമുണ്ട്. പോപുലര്‍ ഫ്രണ്ടിന്റേതിന് സമാനമായ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആര്‍.എസ്.എസ് അടക്കമുള്ള സംഘടനകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘടനകളെയൊന്നും തൊടാതെ പോപുലര്‍ ഫ്രണ്ടിനെ മാത്രം ഏകപക്ഷീയമായി നിരോധിച്ചതില്‍ സംശയകരമായ പലതുമുണ്ടെന്നും സലാം വ്യക്തമാക്കിയിരുന്നു.